നടത്തിയത് 1.12 ലക്ഷം പരിശോധന
അർബുദത്തെ കണ്ടെത്താം പ്രതിരോധിക്കാം


സ്വന്തം ലേഖകൻ
Published on Feb 05, 2026, 01:33 AM | 1 min read
തൃശൂർ
അർബുദ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഒരു വർഷത്തിനിടയിൽ നടത്തിയത് -1.12 ലക്ഷം പരിശോധന. സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പദ്ധതിയിലൂടെയാണ് പരിശോധനകൾ നടത്തിയത്. 37 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്‌തു. 96,279 പേരിൽ സ്തനാർബുദ പരിശോധനയാണ് നടത്തിയത്. ഗർഭാശയഗള– -81,666, ഓറൽ–- 71494,വൻകുടൽ– 20,058 പരിശോധനയും നടത്തി. ജനകീയാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരാണ് ആദ്യഘട്ട സ്‌ക്രീനിങ് നടത്തുന്നത്. തുടർന്ന് ലക്ഷണങ്ങളുള്ളവരെ ഡോക്ടർ പരിശോധിക്കും. തുടർന്ന് ആവശ്യമാണെങ്കിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണിക്കും. ആവശ്യമായ പരിശോധനകളും നടത്തും. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. രോഗബാധ ആദ്യ ഘട്ടത്തിലാണെങ്കിൽ ഓപ്പറേഷൻ മാത്രം മതിയാകും. ഓപറേഷന് ശേഷവും ചികിത്സ ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലെ അർബുദ വിഭാഗത്തിൽ ചികിത്സ നൽകും. മെഡിക്കൽ കോളേജിൽ ചികിത്സ പോരാതെ വരുന്നവർക്ക് ആർസിസിയിലേക്ക് നിർദേശിക്കും. ആർസിസിയടക്കമുള്ള സ്ഥലങ്ങളിൽ വിദഗ്ധ ചികിത്സ ലഭിച്ചവർക്ക് തുടർ ചികിത്സാ സൗകര്യവുമായി ക്യാൻസർ ഡേകെയർ സെന്ററുകളുമുണ്ട്. ജില്ലയിൽ തൃശൂർ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രികളിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം. ക്യാൻസർ പ്രതിരോധത്തിനും നേരത്തേയുള്ള കണ്ടെത്തലിനും ജനങ്ങളെ ബോധവൽക്കരിക്കാനും പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം ലോക അർബുദ ദിനമായ ഫെബ്രുവരി നാലിന് ക്യാന്പയിൻ ആരംഭിച്ചത്. പരമാവധി പേരെ സ്തനാർബുദ, ഗർഭാശയഗള പരിശോധനകൾക്ക് വിധേയമാക്കുകയും സ്വയം പരിശോധനയ്‌ക്കും പരിപാലനത്തിനും പ്രാപ്തരാക്കുകയും രോഗം നേരത്തേ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുകയും അതിലൂടെ ക്യാൻസർ മൂലമുള്ള മരണനിരക്ക് കുറയ്‌ക്കുകയും ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ.










0 comments