കൂത്തരങ്ങിലെ പെൺപാത

ഉഷ നങ്ങ്യാർ

സ്വന്തം ലേഖകൻ
Published on Jun 12, 2026, 12:07 AM | 1 min read
തൃശൂർ
നൂറ്റാണ്ടുകൾക്കുശേഷം നങ്ങ്യാർകൂത്തിന് വേദികൾക്ക് ജീവൻ നൽകിയ കലാകാരിക്ക് രാജ്യത്തിന്റെ ആദരം. തിയറ്റർ വിഭാഗത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരമാണ് ഉഷാ നങ്ങ്യാരെ തേടിയെത്തിയത്. നൂറ്റാണ്ടുകൾക്കുമുന്പെങ്ങോ നിലച്ചുപോയ നങ്ങ്യാർകൂത്തിന്റെ പൂർണരൂപത്തിലുള്ള അവതരണം വീണ്ടും നടത്തിയത് ഉഷ നങ്ങ്യാരാണ്. ഏതാനും ചില ക്ഷേത്രങ്ങളിൽ വഴിപാടു മാത്രമായാണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കപ്പെട്ടത്. 80കളിൽ താൻ പഠനത്തിനെത്തിയതോടെയാണ് പൂർണരൂപത്തിൽ നങ്ങ്യാർകൂത്ത് പരിശീലനം പുനരാരംഭിച്ചതെന്ന് ഉഷ നങ്ങ്യാർ ‘ദേശാഭിമാനി’യോട് പറഞ്ഞു. ‘‘കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. പത്തുവയസ്സുമുതൽ കാലടി സർവകലാശാലയിൽ ജോലി ലഭിക്കുന്നതുവരെ സംഗീത നാടക അക്കാദമിയുടെ സ്‌കോളർഷിപ് ലഭിച്ചിരുന്നു’’–ഉഷ നങ്ങ്യാർ പറഞ്ഞു. സംസ്‌കൃത നാടകമായ കൂടിയാട്ടത്തിന്റെ കുടുംബത്തിൽപ്പെട്ടതാണ് കൂത്ത്. പുരുഷൻ അവതരിപ്പിക്കുന്നത് ചാക്യാർകൂത്തായും സ്‌ത്രീ അവതരിപ്പിക്കുന്നത് നങ്ങ്യാർകൂത്തായും അറിയപ്പെട്ടു. നൂറ്റാണ്ടുകൾക്ക് മുന്പ് നങ്ങ്യാർകൂത്ത് പൂർണ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവണം. അല്ലെങ്കിൽ പൂർണരൂപത്തിലുള്ള രചനകൾ ഉണ്ടാവില്ലല്ലോ. ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാച്ചുച്ചാക്യാർ സ്‌മാരക ഗുരുകുലത്തിൽ പത്താം വയസ്സിൽ ഞാൻ പഠിക്കാൻ എത്തിയതോടെയാണ് നങ്ങ്യാർകൂത്തിൽ ശാസ്‌ത്രീയ പരിശീലനം പുനരാരംഭിച്ചത്. ഇന്ന് ധാരാളം കുട്ടികൾ നങ്ങ്യാർകൂത്ത് പഠിച്ച് അരങ്ങിൽ അവതരിപ്പിക്കുന്നുണ്ട്–ഉഷ നങ്ങ്യാർ പറഞ്ഞു. അമ്മന്നൂർ മാധവച്ചാക്യാരും അമ്മന്നൂർ കുട്ടൻ ചാക്യാരുമാണ് എന്റെ ഗുരുക്കൾ. പഴയ പാഠങ്ങൾക്ക് കാലാനുസൃതമായ പുനർ വായനയ്‌ക്കുള്ള സാധ്യതയാണ് പഠനത്തിലൂടെ ഞാൻ മനസ്സിലാക്കിയത്. അങ്ങനെയാണ് ഞാൻ പഞ്ചകന്യ കൂത്ത് പുനരവതരിപ്പിച്ചത്. അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നിവരെയാണ് പുരാണത്തിൽ പഞ്ചകന്യകകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ പുനർ വായനയിലും കഥാപാത്രങ്ങൾക്ക് കാലികമായ പുതിയ ഭാഷ്യങ്ങൾ കണ്ടെത്താനാവുന്നു എന്നതാണ് എന്റെ അനുഭവം. അങ്ങനെയാണ് ക്ലാസിക്കൽ കലകൾക്ക് നിലനിൽക്കാനാവുക–അവർ പറഞ്ഞു. തൃശൂർ ജില്ലയിലെ ചാത്തക്കുടം സ്വദേശിയായ ഉഷ നങ്ങ്യാർ കാലടി സംസ്‌കൃത സർവകലാശാലയിൽ അധ്യാപികയാണ്. ഏക മകൾ ആതിര എംജി യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിദ്യാർഥിയും കൂത്ത്, കൂടിയാട്ടം കലാകാരിയുമാണ്.









0 comments