ധനകാര്യ സ്ഥാപനത്തിൽ നിന്ന് 90 ലക്ഷം തട്ടിയ കോൺഗ്രസ് നേതാവ് പിടിയിൽ

സുനീർ നൂറു
ചാവക്കാട്
ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിയെ പൊലിസ് മൈസൂരിൽ നിന്ന് പിടികൂടി. പുന്നയൂര്‍ അകലാട് വട്ടംപറമ്പിൽ സുനീർ നൂറു(43)വിനെയാണ് ചാവക്കാട് പൊലിസ് പിടികൂടിയത്. പണയ സ്വർണമെടുത്ത് വില്‍പ്പന നടത്താനെന്ന വ്യാജേന രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. സ്വര്‍ണ വായ്‌പ ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിച്ചിന്റ് ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ നിന്ന് 70,40,000 രൂപ വെട്ടിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. ചാവക്കാട് പ്രവര്‍ത്തിക്കുന്ന എസ് ജി ഗോൾഡ് ഉടമയിൽ നിന്ന് ജൂലൈ ആദ്യവാരത്തില്‍ ഇതേ ആവശ്യം പറഞ്ഞ് 20 ലക്ഷം തട്ടിയിരുന്നു. ഈ കേസില്‍ നടപടിയൊന്നുമെടുത്തില്ല. ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് അതിനേക്കാള്‍ വലിയ തട്ടിപ്പ് ഇയാള്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവായ ഇയാളെ പൊലിസും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നതോടെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തത്. ഗുരുവായൂർ എസിപി സുരേന്ദ്രൻ മങ്ങാട്, ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എം കെ രമേശ്, ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഘത്തിൽ എസ്ഐമാരായ കെ സജിത്ത് കുമാർ, കെ ബി ജലീൽ, സീനിയര്‍ സിപിഒ പി സജീവ്, സിപിഒമാരായ പി കെ അജിത്തിലാൽ, പി രഞ്ജിത്ത്, അനീഷ് നാഥ്, കെ കെ രതീഷ് കുമാർ, പി കെ വിഷ്ണു, വിഷ്ണുപ്രസാദ് എന്നിവരുമുണ്ടായിരുന്നു. സുനീര്‍ നൂറുവിനെ തൃശൂരിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.








0 comments