ad
Deshabhimani

42 ലക്ഷം തൊഴിൽ ദിനങ്ങൾ

കോളിലെ ‘കോള്‌’ പ്രതിവർഷം 417.3 കോടി

കോൾപ്പാടം (ഫയല്‍ ചിത്രം)

കോൾപ്പാടം (ഫയല്‍ ചിത്രം)

avatar
സി എ പ്രേമചന്ദ്രൻ

Published on Apr 11, 2026, 12:15 AM | 1 min read


തൃശൂർ

കേരളത്തിലെ കോൾ നിലങ്ങളിൽനിന്ന്‌ 417.3 കോടി രൂപയുടെ വാർഷിക വരുമാനമെന്ന്‌ പഠനം. നെൽകൃഷി, മത്സ്യബന്ധനം, താമര കൃഷി, താറാവ് വളർത്തൽ തുടങ്ങിയ മേഖലയിൽനിന്ന്‌ വർഷം 42 ലക്ഷം തൊഴിൽ ദിനങ്ങളും ലഭിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണം, ഭൂഗർഭജല റീചാർജ്, കാർബൺ വലിച്ചെടുക്കൽ തുടങ്ങി പരിസ്ഥിതി സേവനങ്ങളുമേറെ. പ്രാദേശിക ക്ഷേമത്തിനും പ്രകൃതി മൂലധനത്തിനും തണ്ണീർത്തടങ്ങൾ ഗണ്യമായ സംഭാവനയേകുന്നതായി പഠനം വ്യക്തമാക്കുന്നു. കോൾ നിലങ്ങളുടെ സാമൂഹിക സാന്പത്തിക മൂല്യങ്ങളെക്കുറിച്ച്‌ ഗവേഷക വിദ്യാർഥി നേഹ തംഹേങ്കറുടെ നേതൃത്വത്തിൽ കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠന കോളേജ്‌ ഡീൻ ഡോ. പി ഒ നമീർ ഗൈഡായാണ്‌ പഠനം. എം കൃഷ്‌ണദാസ്‌, കെ സി അയൂബ്‌, എം ഷാജി എന്നിവരും സഹായികളായി. കാർഷിക സർവകലാശാല ധനസഹായത്തോടെ നടത്തിയ അന്താരാഷ്‌ട്ര പ്രധാന്യമുള്ള പഠനം ഡെറാഡൂൺ ജേർണൽ ഓഫ്‌ വൈൽഡ്‌ ലൈഫ്‌ സയൻസിൽ പ്രസിദ്ധീകരിച്ചു. ചാലക്കുടി മുതൽ പൊന്നാനി വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ കോൾ നിലങ്ങളിൽ 13,632 ഹെക്ടർ നെൽകൃഷി ചെയ്യുന്നു. ഇതിൽ നിന്നുള്ള വരുമാനം പ്രതിവർഷം 147.6 കോടിയാണ്‌. 10.974 ഹെക്ടറിൽ മത്സ്യസന്പത്തുണ്ട്‌. 11.9 കോടിയാണ്‌ മൂല്യം. 6.8 ഹെക്ടറിൽ താമരകൃഷിയിലൂടെ 14 ലക്ഷമാണ്‌ വരുമാനം. 10.974 ഹെക്ടറിൽ താറാവ്‌ കൃഷിയില‍ൂടെ 73 ലക്ഷമാണ്‌ വരുമാനം. ടൂറിസം മേഖല വഴി 9.4 കോടിയാണ്‌ വരുമാനം. വർഷം ഹെക്ടറിൽ 1.29 ടൺ കാർബൺ വലിച്ചെടുക്കുന്നു. ഇതുപ്രകാരം കോൾ മേഖലയിൽനിന്ന്‌ 17585 ടൺ കാർബണാണ്‌ വലിച്ചെടുക്കുന്നത്‌. ഇത്‌ പ്രകൃതിക്ക്‌ ഏറെ ഗുണകരമാണ്‌. ഇതിൽ നിന്നും 42.4 കോടിയുടെ മൂല്യവും ഭൂഗർഭജല റീചാർജിങ് വഴി 9.9 കോടിയുടെ മൂല്യവും കണക്കാക്കുന്നു. 8.5 ടിഎംസി ജലമാണ്‌ കോൾനിലങ്ങളിൽ സംഭരിക്കുന്നത്‌. അതുവഴി വെള്ളപ്പൊക്ക നിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. അതുവഴി 187.7 കോടിയാണ്‌ വരുമാനം കണക്കാക്കുന്നത്‌. തണ്ണീർത്തടങ്ങളുടെ സമഗ്രമായ സംരക്ഷണത്തിന്‌ പ്രാധാന്യം നൽകണമെന്ന്‌ പഠനം സൂചന നൽകുന്നു. ദീർഘകാല പാരിസ്ഥിതിക സമഗ്രതയ്‌ക്കും സംരക്ഷണത്തിനും സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മുൻഗണന നൽകണമെന്നും പഠനം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home