ജദീറിന്റെ പോരാട്ടം ലഹരിക്കെതിരെ

കൊടുങ്ങല്ലൂർ
മയക്കുമരുന്നിനെതിരായ പോരാളിയാണ് എക്സൈസ് സേനയിൽ അംഗമായ ജദീർ. ജദീറിന്റെ ഓരോ വാക്കുകളും ഹൃദയസ്പർശിയാണ്. ലഹരി ഉപയോഗത്തിൽനിന്ന് മുക്തമാകാനുള്ള പ്രചോദനമാണ്. ഇതുവരെ ആയിരത്തിലധികം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. 1500 മണിക്കൂറാണ് ക്ലാസെടുത്തത്. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും കൊടുങ്ങല്ലൂർ സ്വദേശിയുമാണ് പി എം ജദീർ. വിമുക്തിയുടെ ജില്ലാ റിസോഴ്സ് പേഴ്സണും റേഞ്ച് കോ–-ഓർഡിനേറ്ററുമാണ്. ഓരോ ക്ലാസുകളും വ്യത്യസ്ത അനുഭവമാണെന്ന് ജദീർ പറഞ്ഞു. ക്ലാസിൽ പങ്കെടുത്ത ഒരു വിദ്യാർഥി അച്ഛന്റെ കടയിലെ സിഗരറ്റ് വിൽപ്പന നിർത്തിച്ചു. സ്ത്രീകൾ ഭർത്താക്കൻമാരെ നിർബന്ധിച്ച് ക്ലാസിൽ പങ്കെടുപ്പിച്ചു. സർക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ വിമുക്തിയിലൂടെ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ വിജയഗാഥയാണ് ജദീറിന്റെ വാക്കുകളിൽ തെളിയുന്നത്. എകസൈസ് വകുപ്പ് നൽകിയ ശാസ്തീയ പരിശീലനമാണ് മികച്ച രീതിയിൽ ക്ലാസെടുക്കാൻ ജദീറിനെ പ്രാപ്തനാക്കിയത്. തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. സെബിൻ മയക്കുമരുന്ന് ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റി അറിവു നൽകി. വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ , മതസംഘടനകൾ തുടങ്ങി നിരവധി വേദികളിൽ ബോധവൽക്കരണ ക്ലാസുകൾ തുടരുന്നു. ഈ വിഷയത്തിൽ പൊതു സമൂഹം ഗൗരവത്തിലാണെന്നും അതാണ് മലയാളിയുടെ പ്രത്യേകതയെന്നും ജദീർ പറഞ്ഞു.










0 comments