കാറിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍

മിഥുൻ
ആളൂർ
കുടുംബം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിലായി. നെല്ലായി ആലത്തൂർ സ്വദേശി മടത്തിക്കാട്ടിൽ വീട്ടിൽ മിഥുൻ (36) ആണ് ആളൂർ പൊലീസിന്റെ പിടിയിലായത്. ആഗസ്ത് 16ന് രാത്രി 9.30ഓടെ പോട്ട–കല്ലേറ്റുംകര പബ്ലിക് റോഡിൽ ആളൂർ എച്ച്പി പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. കൊടകര പേരാമ്പ്ര കീരിയാത്ത് വീട്ടിൽ ജിജു (52) കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിലെത്തിയ പ്രതി കാറിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ കാറിന്റെ മുന്നിലെ ചില്ല് തകർന്നു. ചില്ലിന്റെ ചീളുകൾ തെറിച്ച് ജിജുവിനും മക്കളായ ജോവിയൽ, ജൂലിയ എന്നിവർക്കും പരിക്കേറ്റു. കാറിനടുത്തെത്തിയ പ്രതി ജിജുവിനെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിന് ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചാലക്കുടി, പുതുക്കാട്, ആളൂർ, മതിലകം എന്നീ പൊലീസ് സ്റ്റേഷനുകളിലായി മിഥുന്‍ നാല് മോഷണക്കേസുകൾ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ആളൂർ എസ്ഐ ശ്രീലക്ഷ്മി, ജിഎസ്ഐ പ്രസന്നകുമാർ, ജിഎഎസ്ഐ ഷിജോ, സിപിഒമാരായ അഭിജിത്ത്, വിശാഖ്, കെ എസ് സനില എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments