ad
Deshabhimani

ഒരാഴ്‌ചയ്‌ക്കിടെ നഷ്‌ടപ്പെട്ടത്‌ 3 ജീവൻ

അപകടങ്ങൾ വർധിച്ചിട്ടും 
മിണ്ടാട്ടമില്ലാതെ അധികാരികൾ

അപകടം

അപകടത്തിൽ മരിച്ചവർ

വെബ് ഡെസ്ക്

Published on Sep 15, 2026, 12:58 AM | 1 min read

കായംകുളം ​
കായംകുളത്ത് ഒരാഴ്‌ചയ്‌ക്കിടെ പല ഭാഗങ്ങളിലായുണ്ടായ അപകടങ്ങളിൽ മൂന്ന് ജീവൻ നഷ്‌ടപ്പെട്ടിട്ടും മിണ്ടാട്ടമില്ലാതെ അധികാരികൾ. രണ്ട്‌ സ്‌കൂൾ വിദ്യാർഥികളും ഒരുഎൻജിനിയറിങ്‌ വിദ്യാർഥിയുമാണ്‌ മരിച്ചത്‌. ദേശീയപാതയിൽ കരീലകുളങ്ങരയ്‌ക്ക് സമീപം സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ്‌ 10–ാം ക്ലാസ് വിദ്യാർഥി ആദിത്യൻ (16) കാറിടിച്ച് മരിച്ചത്‌. ചെട്ടികുളങ്ങരയ്‌ക്ക്‌ സമീപം സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ എൻജിനിയറിങ്‌ വിദ്യാർഥി പരമേശ്വർ മരിച്ചത്‌. കായംകുളം പൊലീസ് സ്‌റ്റേഷന് സമീപം അച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസിടിച്ച് 10 വയസുകാരി ശ്രീഭദ്രയ്‌ക്കും ജീവൻ നഷ്‌ടമായി. മൂന്ന് അപകടങ്ങളും കായംകുളത്തെ റോഡുകളിൽ യാത്ര സുരക്ഷിതമല്ലെന്നാണ്‌ അടിവരയിടുന്നത്‌. കായംകുളം മേഖലയിലെ അപകടസാധ്യത സ്ഥലങ്ങൾ കണ്ടെത്തി പഠനം നടത്താൻ പോലും അധികാരികൾ തയ്യാറായിട്ടില്ല. ദേശീയപാത, സംസ്ഥാനപാത, സ്‌കൂൾ പരിസരങ്ങൾ, പ്രധാന ജങ്‌ഷനുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവിടങ്ങളിൽ അപകടസാധ്യത പരിശോധിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുമില്ല. കായംകുളത്തിന്റെ പ്രധാന ഗതാഗതപാതകളായ കായംകുളം–പുനലൂർ റോഡിലും കായംകുളം–തിരുവല്ല സംസ്ഥാനപാതയിലും വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്‌. വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാനും സംവിധാനമില്ല. കെ പി റോഡ് കേന്ദ്രീകരിച്ച് നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഉയർന്നതോടെ ദിനംപ്രതി തിരക്കും വർധിക്കുന്നു. ഇവിടങ്ങളിൽ റോഡിന്റെ ശേഷിയേക്കാൾ കൂടുതലാണ് വാഹനഗതാഗതം. കെ പി റോഡ് നവീകരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. ആസൂത്രണമില്ലാതെ ദേശീയപാതാ നിർമാണം നടക്കുന്നതും ദുരിതം സൃഷ്‌ടിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home