ad
Deshabhimani

ജില്ലയിൽ ഒരു മരണംകൂടി

തൃപ്രണത്ത് ഷെഡിന് മുകളിൽ വീണ മരം മുറിച്ച് മാറ്റുന്നു

തൃപ്രണത്ത് ഷെഡിന് മുകളിൽ വീണ മരം മുറിച്ച് മാറ്റുന്നു

avatar
പ്രത്യേക ലേഖകൻ

Published on Jun 07, 2026, 12:05 AM | 1 min read


തൃശൂർ

കാലവർഷമെത്തിയതോടെ തുടർച്ചയായി രണ്ടാംദിവസവും ജില്ലയിൽ അതിശക്തമായ മഴ. കനത്തമഴയിൽ പലയിടത്തും ര‍ൂക്ഷമായ വെള്ളക്കെട്ട്‌ അനുഭവപ്പെട്ടു. തീരമേഖലയിലാണ്‌ വെള്ളക്കെട്ട്‌ രൂക്ഷം. മണലൂരിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവ്‌ മരിച്ചു. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറിത്തൊഴിലാളി തൃപ്രണത്ത് വിഷ്ണു (28) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രികനായ മണികണ്ഠൻ നമ്പൂതിരി മരിച്ചിരുന്നു. ​വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡ്ഡിൽ ഉറങ്ങാൻ കിടന്നതാണ്‌ വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കനത്ത മഴയിൽ തീരദേശത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര മുതൽ ചേറ്റുവ വരെ ദേശീയപാത സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. വിവിധയിടങ്ങളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടു. കനത്ത മഴയിൽ അളഗപ്പനഗർ പഞ്ചായത്തിലെ പൂക്കോട് നെടുമാത്തുമ്മൽ ശ്രീകാന്തിന്റെ വീടിന്റെ പുറകുവശത്തെ മതിൽ ഇടിഞ്ഞു. ശനി രാവിലെ ഒന്പതിനാണ് സംഭവം. 50 മീറ്ററിലേറെ നീളത്തിലുള്ള മതിൽ അഞ്ചടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരി പൊന്‍മണിശേരി അന്തോണിയുടെ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു. കിണറിൽ വച്ചിരുന്ന മോട്ടോറും കിണറ്റില്‍ മുങ്ങിപ്പോയി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച്‌ ഞായറാഴ്‌ചയും ജില്ലയിൽ ഓറഞ്ച്‌ ജാഗ്രതയാണ്‌. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കോഴിത്തുരുത്തിൽ നിർമിച്ച താൽക്കാലിക മണൽ ബണ്ട് ഒടുവിൽ പൊളിച്ചുമാറ്റി. കനത്ത മഴയെത്തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര നിർദേശപ്രകാരം ഇറിഗേഷൻ വകുപ്പാണ് ബണ്ട് പൊളിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home