റോഡിന്റെ ശോചനീയാവസ്ഥ: ചളിങ്ങാട് മേഖലയിൽ ഹർത്താൽ

കയ്പമംഗലം ചളിങ്ങാട് മേഖലയിൽ ഹർത്താലിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനം
കയ്പമംഗലം
തകർന്നു കിടക്കുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കയ്പമംഗലം ചളിങ്ങാട് മേഖലയിൽ ബുധനാഴ്ച ഹർത്താൽ ആചരിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി. മാസങ്ങൾക്കുമുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചെങ്കിലും പൈപ്പ് സ്ഥാപിച്ച ശേഷം വേണ്ട വിധത്തിൽ റീസ്റ്റോറേഷനോ ടാർ ചെയ്യുകയോ ഉണ്ടായില്ല. തുടർന്ന് മഴ ശക്തമായതോടെ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും യാത്ര അതീവ ദുഷ്കരമാവുകയും ചെയ്തു. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ പ്രദേശവാസികൾ ഏറെ ദുരിതം അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. റോഡ് ടാർ ചെയ്യുന്നതിനുള്ള കരാർ നൽകിയിട്ടുണ്ടെങ്കിലും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാരൻ ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് പ്രദേശവാസികൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിലേക്ക് കടന്നത്. ഇതിന് മുമ്പ് റോഡിലെ വെള്ളക്കെട്ടിൽ വഞ്ചിയിറക്കിയും പോത്തിനെ കുളിപ്പിച്ചും വ്യത്യസ്ത പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ ചളിങ്ങാട് പള്ളി വളവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാക്കാത്തിരുത്തി പള്ളിവളവ് ചുറ്റി ചളിങ്ങാട് സമാപിച്ചു.










0 comments