വീൽചെയർ കൂട്ടായ്‌മയുടെ ശിങ്കാരി മേളം ടീം
ഒരേ താളത്തിൽ പ്രതീക്ഷയുടെ മേളപ്പെരുക്കം

വീൽചെയർ കൂട്ടായ്മ പൂമ്പാറ്റ ടീം ശിങ്കാരി മേളം അവതരിപ്പിക്കുന്നു
സി എ പ്രേമചന്ദ്രൻ
Published on Jan 26, 2026, 12:06 AM | 1 min read
തൃശൂർ
നിവർന്നൊന്നു നിൽക്കാനാവില്ലെങ്കിലും ചക്രക്കസേരയിലിരുന്ന് അവർ കൊട്ടിക്കയറി. ഭിന്നമേതുമില്ലാതെ ഏക മനസ്സായി ഒരേ താളത്തോടെ. കേരളത്തിലെ ആദ്യ വീൽചെയർ കുട്ടായ്‌മയുടെ ശിങ്കാരിമേളം അരങ്ങേറ്റത്തിനുശേഷം ആദ്യ അവതരണം പൂരനഗരിയിൽ മേളപ്പെരുക്കം തീർത്തു. ജീവിതയാത്രകൾക്കിടയിൽ വീൽച്ചെയറിൽപ്പെട്ടുപോയ ഇവർ ജീവിതം തിരിച്ചുപിടിക്കുകയാണ്. സ്ത്രീകളുൾപ്പെടെ 22 പേരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ഒക്‌ടോബറിലാണ് സംഘം മേളപഠനം തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ഞായറാഴ്‌ചകളിൽ അത്താണി ടെസ്‌റ്റ് ഗ്രൗണ്ടിൽ ഒത്തുചേർന്നായിരുന്നു പരിശീലനം. പെപ്പിൻ ജോർജാണ് മേളം പഠിപ്പിച്ചത്. ഷൊർണൂർ പേങ്ങാട്ടിരി അൽഹിന്ദ് സ്കൂൾ ഓഫ് ഖുറാനിക് സ്റ്റഡീസിൽ വീൽച്ചെയർ ഫെസ്റ്റിലായിരുന്നു കഴിഞ്ഞിദിവസം അരങ്ങേറ്റം. പൂന്പാറ്റ ടീം എന്നാണ് പേര് നൽകിയത്. ആറ്‌പേർ ഇടംതലയും 16പേർ വലംതലയും കൊട്ടുന്നു. ഇലത്താളവുമുണ്ട്. തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിന്റെ ഭാഗമായി തൃശൂർ പാലസ് ഗ്രൗണ്ടിന് സമീപത്തായിരുന്നു ആദ്യ അവതരണം. ചുവന്ന വസ്‌ത്രങ്ങളും വർണത്തൊപ്പിയും അണിഞ്ഞായിരുന്നു മേളം. കാലുകൾ തളർച്ചയുണ്ടെങ്കിലും ഇരുകൈക്കും കരുത്തുള്ളവർ ഇടംതലയിൽ കൂട്ടിപ്പെരുക്കി. ഒരു കൈക്ക് മാത്രം സ്വാധീനമുള്ളവർ ഉൾപ്പടെ വലംതലയും കൊട്ടി. ഏകമനസ്സായി ചെണ്ടപ്പുറത്ത് കോലുകൾ പതിച്ചപ്പോൾ ഉണർവിന്റെ ഏക താളം പിറന്നു. വീൽചെയറിലിരുന്ന് കൊട്ടുന്ന ശിങ്കാരിമേളം ടീം കേരളത്തിൽ ആദ്യമാണെന്ന് ടീമിലെ അംഗം ഒല്ലൂർ മരത്താക്കര ചേർപ്പുക്കാരൻ ബിജുപോൾ പറഞ്ഞു. ഇത് കല മാത്രമല്ല, ശാരീരിക മനസിന് ഉണർവും ജീവിത പ്രതീക്ഷയും നൽകുന്നുണ്ട്. പലരും സാന്പത്തിക ബുദ്ധിമുട്ടുള്ളവരാണ്. ചെണ്ട വാടകക്കെടുത്താണ് പരിപാടിക്ക് പോകുന്നത്. ചെണ്ടയുടെയും വണ്ടിയുടെയും വാടകയുൾപ്പടെ 500 രൂപ ചെലവ് വരും. സാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടകൾ അനുവദിച്ചാൽ ഗുണകരമാവും. പരിപാടികൾക്ക് ടീമിനെ ക്ഷണിച്ചാൽ സഹായകമാവും. കലാ കൂട്ടായ്‌മയിലൂടെ ഭിന്നശേഷി ഉന്നമനവും സമൂഹവുമായി സമരസപ്പെടലും ലക്ഷ്യംവയ്‌ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ മേളത്തിൽ പങ്കാളിയായപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നതായി മൂന്നര വയസ്സുമുതൽ പോളിയോ ബാധിച്ച് കാലുകൾ തളർന്ന എൽത്തുരുത്ത് സ്വദേശി ലീന പറഞ്ഞു. ഇത് ലീനയുടെ മാത്രം അഭിപ്രായമല്ല, ടീമിലെ എല്ലാവരും മനം നിറഞ്ഞ് കൊട്ടുകയാണ്.










0 comments