ആട്ടവിളക്കിന് മുന്നിൽ ചെന്താരകം

ജനനായകൻ ആട്ടക്കഥയെ ആസ്പദമാക്കി കൊടുങ്ങല്ലൂരിൽ നടന്ന കഥകളി
പി വി ബിമൽ കുമാർ
Published on Dec 17, 2025, 12:15 AM | 2 min read
കൊടുങ്ങല്ലൂർ
മലയാള നാട്ടിൽ പൊട്ടി വിടർന്ന ചുവന്ന താരകം കഥകളി പദങ്ങളിൽ പൂത്തുലഞ്ഞു. ഏലംകുളം മനയുടെ അകത്തളങ്ങളിൽ പിച്ചവച്ച് പുഞ്ചിരി തൂകിയ ശങ്കരൻ ജനനായകനായ കഥ സുന്ദര ദൃശ്യകാവ്യമായി ആട്ടവിളക്കിനുമുന്നിൽ ആടി തകർത്തു. ഇ എം എസിനെ നായകനാക്കി പ്രൊഫ. ആർ പി മേനോൻ രചിച്ച ജനനായകൻ എന്ന ആട്ടക്കഥയാണ് കളിയരങ്ങ് ഇരിങ്ങാലക്കുട അവതരിപ്പിച്ചത്. മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ ചത്വരത്തിലാണ് ആട്ടക്കഥ അരങ്ങേറിയത്. തന്റെ സർവസ്വത്തും പാവങ്ങൾക്കായി സമർപ്പിച്ച് അവർക്കുവേണ്ടി പടക്കളത്തിലിറങ്ങുന്ന ഇ എം എസിന്റെ തൊഴിലാളികളോടുള്ള സ്നേഹം മിഴിവോടെ അവതരിപ്പിച്ചാണ് ആദ്യ രംഗം തുടങ്ങുന്നത്. സമരചരിത്രവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമരക്കാരാകുന്നതും ജനങ്ങൾ ആഹ്ലാദ നൃത്തം ചവിട്ടുന്നതും വിമോചന സമരക്കാരുടെ വെല്ലുവിളിയുമായി കഥ പുരോഗമിക്കുന്നു. രണ്ടാം രംഗത്തിൽ പ്രതിനായകൻ പറയുന്നു. നമ്മുടെ ഭൂമി അവരുടേതായി. അവരെ ഭരണത്തിൽ നിന്നിറക്കി ഗോമൂത്രം തളിക്കണം. നമ്മളെ മതമേധാവികൾ സഹായിക്കും. തുടർന്ന് കമ്യൂണിസ്റ്റ് പാർടിയുടെയും ഇ എം എസിന്റെയും പോരാട്ടവും കത്തിവേഷങ്ങളുടെ ഉറഞ്ഞു തുള്ളലും രംഗം കൊഴുപ്പിക്കുന്നു. മാർക്സും എംഗൽസും ലെനിനും കഥകളി പദങ്ങളിലൂടെ ആസ്വാദക മനസ്സുകളിലേക്ക് ഒഴുകിയെത്തുന്നു. ഇവർ നമുക്ക് വഴികാട്ടുമെന്ന ഇ എം എസിന്റെ വാക്കുകൾ അലയടിക്കുന്നു. ചരിത്രം തിരുത്തി കുറിക്കാൻ നിങ്ങൾ എന്റെ കൂടെനിന്ന് നവകേരളം സൃഷ്ടിച്ചു. എന്നാൽ പൊരുതി നേടിയവ സംരക്ഷിക്കാൻ നമ്മളൊന്നായി നിന്ന് തടസ്സങ്ങൾ തട്ടി നീക്കണം, ജനനായകന്റെ വാക്കുകൾ ആവേശമായി പടരുന്നു. ബന്ധനങ്ങൾ പൊട്ടിച്ച് സമത്വലോകത്തിനായി കുതിക്കാനുള്ള ജനനായകന്റെ ആഹ്വാനവും ജനങ്ങളുടെ ആഹ്ലാദ നൃത്തവുമായാണ് തിരശ്ശീല വീഴുന്നത്. ജനനായകനായി സദനം മണികണ്ഠൻ നിറഞ്ഞാടി. ആർ എൽ വി പ്രമോദ്, തൃപ്പയ പീതാംബര വാര്യർ, കലാനിലയം മനോജ്, മഹാദേവ രാജ പാറക്കടവ്, പ്രദീപ് രാജ പാറക്കടവ്, ഫാക്ട് ബിജു ഭാസ്കർ, കലാമണ്ഡലം സൂരജ് എന്നിവർ വേഷമിട്ടു. കലാമണ്ഡലം സുധീഷ് കുമാറും കലാമണ്ഡലം ശ്രീനാഥുമാണ് സംഗീതം നിർവഹിച്ചത്. സംവിധാനം ടി വേണുഗോപാൽ ഇരിങ്ങാലക്കുട. ചെണ്ട– കലാനിലയം രതീഷ്, മദ്ദളം– കലാനിലയം ശ്രീജിത്ത്. കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ശങ്കരൻ നമ്പൂതിരിപ്പാടും പ്രൊഫ. ആർ പി മേനോനും ചേർന്ന് കളി വിളക്ക് കൊളുത്തിയ ചടങ്ങിൽ കവി കെ ഡി. സെബാസ്റ്റ്യൻ അധ്യക്ഷനായി.











0 comments