ad
Deshabhimani

ചെമ്പൈ സംഗീതോത്സവം

സംഗീതാര്‍ച്ചനയ്‌ക്ക് തുടക്കം

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാല്‍ കച്ചേരിയില്‍ ഡോ. നിരഞ്ജന ശ്രീനിവാസ്  സേലം 
കച്ചേരി അവതരിപ്പിക്കുന്നു

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാല്‍ കച്ചേരിയില്‍ ഡോ. നിരഞ്ജന ശ്രീനിവാസ് സേലം 
കച്ചേരി അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 18, 2025, 12:15 AM | 2 min read

ഗുരുവായൂര്‍

ചെമ്പൈ സംഗീതോത്സവ വേദിയില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി. ഗുരുവായൂർ ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് സംഗീതാർച്ചനയ്‌ക്ക്‌ തിരി തെളിച്ചു. 15 ദിവസമാണ്‌ സംഗീതാർച്ചനയ്ക്ക് നടക്കുക. ക്ഷേത്രം അടിയന്തര വിഭാഗത്തിലെ നാഗസ്വരം തവിൽ കലാകാരൻമാർ ആദ്യദിനം മംഗളവാദ്യം മുഴക്കി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവർ ഗണപതി സ്തുതി ആലപിച്ചാണ് സംഗീതാര്‍ച്ചനക്ക് തുടക്കമിട്ടത്. പ്രൊഫ. എസ് ഈശ്വര വർമ വയലിനിലും എൻ ഹരി മൃദംഗത്തിലും പക്കമേളമൊരുക്കി. തുടർന്ന് തൃശൂർ അയ്യന്തോൾ അദ്രിജ സിബിയുടെ കീർത്തനത്തോടെ സംഗീതാർച്ചന ആരംഭിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, സംഗീതോത്സവ സബ്‌ കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ , എൻ ഹരി, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഡോ.ഗുരുവായൂർ കെ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

ഗോപികാവസന്തത്തിലലിഞ്ഞ്‌..

ഗുരുവായൂര്‍

ഗോപികാവസന്തരാഗത്തില്‍ ഡോ. നിരഞ്ജന ശ്രീനിവാസ് സേലം സംഗീത വസന്തം തീര്‍ത്തു. ചെമ്പൈ സംഗീതോത്സവവേദിയുടെ ആദ്യദിനം അവിസ്മരണീയമായി. ശ്രീകൃഷ്ണ സ്തുതിയായ മല്ലാരിയിലൂടെ ഗംഭീര നാട്ട രാഗത്തിൽ സംഗീതാര്‍ച്ചനയ്‌ക്ക് തുടക്കമിട്ട ഡോ. നിരഞ്ജന ശ്രീനിവാസ് തുടര്‍ന്ന് ഗോപികാവസന്ത രാഗത്തില്‍ ബാലകൃഷ്ണം ഭാവയാമി എന്ന കീർത്തനവും മനോഹരമായി ആലപിച്ചു. തുടർന്ന് വിദുലകു... എന്നു തുടങ്ങുന്ന കീർത്തനം മായാമാളവഗൗള രാഗത്തിലും അപരാധമൂ.... ലതാംഗി രാഗത്തിലും ബാലഗോപാല എന്ന കൃതി ഭൈരവി രാഗത്തിലും അവതരിപ്പിച്ചു. വൃന്ദാവനസാരംഗ രാഗത്തിൽ നിരുഭാഗ്യ എന്ന കീർത്തനം ആലപിച്ചാണ് കച്ചേരിക്ക് സമാപനം കുറിച്ചത്. പറവൂർ എൻ കെ ആനന്ദലക്ഷ്മി വയലിനിലും തിരുനാകേശ്വരം പി ആർ എസ് മണികണ്ഠൻ മൃദംഗത്തിലും മങ്ങാട് പ്രമോദ് ഘടത്തിലും നിരഞ്ജനയ്‌ക്ക് പക്ക മേളക്കാരായി. വിശേഷാൽ കച്ചേരിയിൽ അശ്വത് നാരായണൻ അവതരിപ്പിച്ച വായ്‌പ്പാട്ടും ആലാപന മാധുര്യംകൊണ്ട് കര്‍ണാമൃതമായി. വി വി ശ്രീനിവാസറാവു (വയലിൻ), കെ വി പ്രസാദ് (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് (ഘടം) എന്നിവർ അശ്വതിന് പക്ക മേളക്കാരായി. ഉപകരണ സംഗീതത്തിൽ ടി എച്ച് സുബ്രഹ്മണ്യൻ അവതരിപ്പിച്ച വയലിൻ കച്ചേരിയും ആസ്വാദക മനം കവര്‍ന്നു. ചേർത്തല ജി കൃഷ്ണകുമാർ മൃദംഗത്തിലും ആലുവ രാജേഷ് ഘടത്തിലും പക്കമേളക്കാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home