ad
Deshabhimani

പ്രായം വെറും അക്കം

സാക്ഷരതാ മികവോത്സവ്  പരീക്ഷയെഴുതുന്ന ചന്ദ്രിക

സാക്ഷരതാ മികവോത്സവ് പരീക്ഷയെഴുതുന്ന ചന്ദ്രിക

avatar
കെ ജെ ലിജോ

Published on Jan 26, 2026, 12:39 AM | 1 min read

ചാലക്കുടി

പ്രായം വെറും അക്കങ്ങളാണെന്നും വാര്‍ധക്യം പഠനത്തിനൊരു തടസ്സമല്ലെന്നും തെളിയിക്കുകയാണ് ചന്ദ്രിക. ചെറുപ്രായത്തില്‍ മുടങ്ങിപോയ പഠനം 78–-ാമത്തെ വയസ്സില്‍ തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് ചാലക്കുടി ഹൗസിങ് ബോര്‍ഡ് കോളനിയിലെ കോരങ്ങത്ത് വീട്ടില്‍ ചന്ദ്രിക ദേവരാജ്. സാക്ഷരത മികവോത്സവ് പരീക്ഷയില്‍ കൈവിറക്കാതെയും ആത്മവിശ്വാസത്തോടെയും ചന്ദ്രിക ഉത്തരങ്ങളെഴുതി. പരീക്ഷ പാസാകുന്നതോടെ ചന്ദ്രികയ്‌ക്ക് നാലാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ജീവിത സാഹചര്യങ്ങളും പ്രാരാബ്ധങ്ങളും പഠനത്തിന് തടസ്സമായ കാലത്തോട് പകരം വീട്ടുകയാണ് ഇവര്‍. അച്ഛനെ കണ്ട ഓര്‍മയില്ല. അമ്മ ചെറുപ്രായത്തില്‍ തന്നെ മരിച്ചു. നാല് സഹോദരങ്ങള്‍ക്കൊപ്പം ബന്ധുക്കളുടെ സംരക്ഷണത്തിലായി പിന്നീട്. അതോടെ ഇവരുടെ പഠനം മുടങ്ങി. ആശാട്ടിയുടെ ശിക്ഷണത്തില്‍ ചെറുപ്പകാലത്ത് അഭ്യസിച്ച അക്ഷരങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങള്‍ വില്ലനായി. സമപ്രായക്കാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അടുക്കള പണിയും മറ്റുമായി ഒതുങ്ങേണ്ടി വന്നു ചന്ദ്രികയ്‌ക്ക്. വലുതായപ്പോള്‍ ബന്ധുവിന്റെ സഹായത്തോടെ ജോലി തേടി ബോംബയിലെത്തി. ഭര്‍ത്താവിന്റെ വേര്‍പാടിന് മുന്നില്‍ പകച്ചുനില്‍ക്കാതെ മകനും മകള്‍ക്കുമായി രാപകലില്ലാതെ ജോലി ചെയ്തു. മകളെ വിവാഹം കഴിപ്പിച്ചു. ഇതിനിടെയുണ്ടായ മകന്റെ ആകസ്‌മികമായ മരണം ഇവരെ തളര്‍ത്തി. തുടര്‍ന്നാണ് മകളുടെ നിര്‍ദേശപ്രാകരം നാട്ടിലെത്തി ഹൗസിങ് ബോര്‍ഡ് കോളനിയിലെ വാടകവീട്ടില്‍ താമസമാക്കിയത്. ഇതിനിടെയാണ് പ്രേരകയായ ബിന്ദുവുമായി പരിചയപ്പെടുന്നത്. പഠിക്കാനാകാത്തതിലുള്ള വിഷമം പങ്കുവച്ചതോടെ ചന്ദ്രികയ്‌ക്ക് പ്രോത്സാഹനമായി പ്രേരകും ഒപ്പംകൂടി. പത്താം ക്ലാസ്‌ പാസാകണമെന്നാണ് ഇപ്പോഴത്തെ ലക്ഷ്യം. ആരോഗ്യം അനുവദിച്ചാല്‍ തുടര്‍ പഠനവും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ചന്ദ്രിക പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home