ഭാരതപ്പുഴ–ബിയ്യം കായല്‍ ലിങ്ക് കനാൽ പദ്ധതിക്ക് തുടക്കം

പൊന്നാനി
പൊന്നാനിയുടെ ഏറെക്കാലത്തെ സ്വപ്‌നമായ ഭാരതപ്പുഴ-–ബിയ്യം കായല്‍ ലിങ്ക് കനാൽ പദ്ധതിക്ക് തുടക്കമായി. നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായി. പൊന്നാനി, -തൃശൂര്‍ മേഖലയില്‍ വേനല്‍ക്കാലത്തും വെള്ളം കിട്ടാനും താഴ്‌ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സാധിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. എ സി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയായി. 36 കോടി ചെലവിൽ നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഇ എം എസ് സർക്കാരിന്റെ ഭരണകാലത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ ഇടംപിടിച്ച ബൃഹത് പദ്ധതികളിലൊന്നാണ് ഭാരതപ്പുഴ-–ബിയ്യം കായല്‍ ലിങ്ക് കനാൽ പദ്ധതി. ഭാരതപ്പുഴയിലെ വെള്ളം ചമ്രവട്ടം റഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽനിന്നും ബിയ്യം കായലിൽ എത്തിക്കുന്നതാണ് പദ്ധതി. കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ ടി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നബീസ കുട്ടി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, കെസിഡിസി കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയര്‍ എ ജി ബോബന്‍ എന്നിവർ സംസാരിച്ചു. ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ ഇ അജ്മല്‍ സ്വാഗതം പറഞ്ഞു.









0 comments