ad
Deshabhimani

സ്വപ്‌നത്തിലേക്ക്‌ ചിറക്‌ വിരിച്ച്‌ വൈഷ്‌ണവ്‌

..
വെബ് ഡെസ്ക്

Published on Jun 02, 2026, 12:49 AM | 1 min read

തൃശൂർ

രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി-കളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026ൽ സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനം നേടി നാട്ടിക സ്വദേശി ഇ എൻ കെ വൈഷ്ണവ്. അഖിലേന്ത്യാ തലത്തിൽ 543–ാം റാങ്കാണ്‌ ലഭിച്ചത്‌. നാട്ടിൽ നിന്നും മസ്‌കത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ ആകാശത്ത് പറക്കുന്ന വിമാനം കുഞ്ഞുനാളിൽ വൈഷ്‌ണവിന്‌ ക‍ൗതുകമായിരുന്നു. പിന്നീട്‌ ക‍ൗതുകം ഗ‍ൗരവമായി. അങ്ങനെ പൈലറ്റ് ആകണമെന്ന് മോഹം പിറന്നു. എയ്റോ സ്പേസ് എൻജിനിയറാകണമെന്നാണ് ഇപ്പോൾ ആഗ്രഹം. ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തെ ടോപ്പറായിരുന്നു. പ്ലസ്‌ടു പരീക്ഷയിൽ 92.4ശതമാനം മാർക്കാണ്‌ ലഭിച്ചത്‌. കണക്കിലടക്കം കൂടുതൽ മാർക്ക്‌ പ്രതീക്ഷിക്കുന്ന വൈഷ്‌ണവ്‌ പുനർമൂല്യ നിർണയത്തിനു കൊടുക്കാൻ കാത്തിരിക്കുകയാണ്‌. അച്ഛൻ കൃതീഷിനൊപ്പം മസ്കത്തിലാണ് വൈഷ്ണവും അമ്മ സന്ധ്യയും അനുജൻ കാർത്തികും നാലുവർഷം മുന്പുവരെ താമസിച്ചിരുന്നത്. മസ്കത്തിലെ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലായിരുന്നു ആദ്യം പഠനം. പിന്നീട് നാട്ടിക എസ്എൻ വിദ്യാഭവനിൽ ഒമ്പത്, പത്ത് ക്ലാസുകൾ. പിന്നീട്‌ പ്ലസ്ടുവരെ തൃശൂർ ദേവമാത സ്കൂളിൽ. തൃശൂർ നഗരത്തിലെ സ്കൂളിൽനിന്ന്‌ നിത്യേന നാട്ടികയിലെ വീട്ടിലെത്തുക പ്രയാസമായതിനാൽ ഹോസ്റ്റലിൽ താമസിച്ചാണ് എൻട്രൻസ് പരിശീലനം നടത്തിയത്. വെളുപ്പിന് അഞ്ചിന് എഴുന്നേറ്റാൽ സ്കൂൾ ബസ് വരുന്ന എട്ടുമണിവരെ പഠിക്കും. മൂന്ന് മണിക്ക് സ്കൂൾ വിട്ടാൽ പിന്നെ പാട്ടുരായ്ക്കലിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ കോച്ചിങ്‌. പിന്നീട് ചേറൂരിലെ ഹോസ്റ്റലിൽ എത്തിയാൽ രാത്രി 11 വരെ പഠനം തുടരും. ആറ് മണിക്കൂർ മാത്രമാണ്‌ ഉറക്കം. മെക്കാനിക്കൽ എൻജിനിയറിങ്‌ പാസായ ശേഷം എയ്റോ സ്പേസ് എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം എടുക്കണമെന്നാണ് താൽപ്പര്യം. മുംബൈ ഐഐടിയിലോ മദ്രാസ് ഐഐടിയിലോ ചേർന്ന് പഠിക്കാനാണ്‌ ആഗ്രഹം. ദീർഘകാലം പ്രവാസിയായിരുന്ന പിതാവ് കൃതീഷ് ഇപ്പോൾ ഓട്ടിസം വിദ്യാർഥികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്ന അതിഥി ഗ്രൂപ്പ് കമ്പനിയുടെ സിഇഒയാണ്‌. വീട്ടമ്മയായ മാതാവ് സന്ധ്യയാണ് വൈഷ്ണവിന്റെയും സഹോദരൻ കാർത്തികിന്റെയും പഠനകാര്യങ്ങൾ നോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home