ad
Deshabhimani

എംജി സർവകലാശാലാ സെനറ്റ്‌: ഗവർണർ നാമനിർദേശം ചെയ്‌ത ഭൂരിഭാഗംപേരും സംഘപരിവാർ സംഘടനാ നേതാക്കൾ

mg university
വെബ് ഡെസ്ക്

Published on Jun 04, 2026, 10:12 PM | 2 min read

കോട്ടയം: എംജി സർവകലാശാലയിൽ സംഘപരിവാർ–ബിജെപി അംഗങ്ങളെ കുത്തിനിറച്ച്‌ ഗവർണറുടെ സെനറ്റ്‌ പുനഃസംഘടന. ബിജെപി ദേശീയ സമിതിയംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 പേരെയാണ്‌ 30 അംഗ സെനറ്റിലേക്ക്‌ ചാൻസലർകൂടിയായ ഗവർണർ നാമനിർദേശം ചെയ്‌തത്‌. സെനറ്റ്‌ പുനഃസംഘടിപ്പിച്ച്‌ വ്യാഴാഴ്‌ച വിജ്ഞാപനമിറങ്ങി. 30 അംഗ സെനറ്റിൽ 11 പേർ വിവിധ വകുപ്പ്‌ മേധാവികളും ഡീൻമാരുമാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ കൂടി അറിവോടെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവ്‌ ഡി മാവൂതിനെ വിസിയാക്കിയതിന്‌ പിന്നാലെയാണ്‌ സെനറ്റ്‌ പുനഃസംഘടിപ്പിച്ച്‌ വിജ്ഞാപനമിറക്കിയത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഷോൺ ജോർജ്‌ ഉൾപ്പെടെയുള്ള നേതാക്കൾ ബുധനാഴ്‌ച പുതിയ വിസിയെ സന്ദർശിച്ചിരുന്നു.


ഗവർണർ നാമനിർദേശം ചെയ്‌തവരെല്ലാം വിവിധ മേഖലകളിലെ സംഘപരിവാർ സംഘടനാ നേതാക്കളാണ്‌. എഴുത്തുകാരുടെ മേഖലയിലാണ്‌ പ്രമീളാദേവിയെ നിയമിച്ചത്‌. കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയ ജെ പ്രമീളാദേവി 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. ആർഎസ്‌എസ്‌ സജീവ പ്രവർത്തകനും അഭിഭാഷക പരിഷത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ എൻ ശങ്കർരാമൻ, ബിജെപിയുടെ കോളേജ്‌ അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിന്റെ സജീവ പ്രവർത്തകനായ ഗണേഷ്‌ചന്ദ്ര പ്രഭു, ബിജെപി സ്‌കൂൾ അധ്യാപകരുടെ സംഘടനയായ നാഷണൽ ടീച്ചേഴ്‌സ്‌ യൂണിയൻ നേതാക്കളായ ആർ ജിഗി, കെ രാജേഷ്‌ മോഹൻ, എൻ മനു, കാലടി സംസ്‌കൃത സർവകലാശാലയിലെ എബിവിപി പ്രവർത്തകയായിരുന്ന എസ്‌ മേഘ തുടങ്ങിയവരെയാണ്‌ ഗവർണർ നാമനിർദേശം ചെയ്‌തത്‌. (മാധ്യമപ്രവർത്തകരുടെ മേഖലയിൽനിന്ന്‌ പട്ടികയിൽ ഉൾപ്പെട്ട മാതൃഭൂമി കുട്ടനാട്‌ പ്രാദേശിക ലേഖകൻ കെ രംഗനാഥ്‌ കൃഷ്‌ണയും സംഘപരിവാർ അനുഭാവിയാണ്‌.)


വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ 26ന്‌ സെനറ്റ്‌ യോഗം നിശ്‌ചയിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ഗവർണറും നടത്തിയ ചർച്ചയ്‌ക്ക്‌ പിന്നാലെ 25ന്‌ സെനറ്റ്‌ യോഗം മാറ്റിവയ്‌ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ വിസിയായി ഗവർണർ നിയമിച്ചു. സർക്കാർ പാനൽ പോലും നൽകാതുള്ള സർക്കാർ–ഗവർണർ ഡീലിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന്‌ വിലക്കേർപ്പെടുത്താൻ നിർദേശിച്ച ഗവർണറാണ്‌ സെനറ്റിൽ ബിജെപിക്കാരെ കുത്തിനിറച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home