ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ കരാറിനോട് യോജിപ്പില്ല; ഹിസ്ബുള്ള

ഇസ്രായേൽ തെക്കൻ ലെബനനിലെ നബാത്തിയയിൽ നടത്തിയ ആക്രമണം |Photo:Reuters
ബെയ്റൂത്ത് : ഇസ്രായേലും ലെബനനും തമ്മിൽ യുഎസ് പിന്തുണയോടെ ഒപ്പുവെച്ച വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും തള്ളി ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ തികച്ചും നിഷ്ഫലവും ലെബനനെ അപമാനിക്കുന്നതുമാണെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം പ്രതികരിച്ചു. ലെബനനിലെ ഭൂരിഭാഗം ജനങ്ങളും ഈ വ്യവസ്ഥകളെ വ്യക്തമായി തള്ളിക്കളയുകയാണെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലെബനന്റെ ഉള്ളിൽ ഹിസ്ബുള്ളയ്ക്ക് വിലക്കുള്ള പ്രത്യേക 'പൈലറ്റ്' സുരക്ഷിത മേഖലകൾ സ്ഥാപിക്കാൻ ഇസ്രായേലും ലെബനനും തമ്മിൽ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള പൂർണമായ വെടിനിർത്തലിന് വിധേയമായി മാത്രമായിരിക്കും ഈ കരാറെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചർച്ചകളുടെ ഭാഗമല്ലാതിരുന്ന ഹിസ്ബുള്ളയുടെ തലവൻ നയീം ഖാസിം ഈ തീരുമാനങ്ങളെ പൂർണമായും തള്ളി. ഇസ്രായേൽ അതിർത്തി മുതൽ വടക്കോട്ട് 19 മൈൽ (ഏകദേശം 30 കിലോമീറ്റർ) അകലെയുള്ള ലിതാനി നദി വരെയുള്ള പ്രദേശത്തുനിന്ന് ഹിസ്ബുള്ള പോരാളികളെ ഒഴിപ്പിക്കണമെന്നാണ് വാഷിംഗ്ടണിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്ക് ശേഷമുണ്ടായ കരാറിലെ വ്യവസ്ഥ. നിലവിൽ ഈ പ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഈ പ്രദേശങ്ങളിൽ ലെബനൻ സായുധ സേനയ്ക്ക് മാത്രം പൂർണ നിയന്ത്രണം നൽകുന്ന പൈലറ്റ് സോണുകൾ രൂപീകരിക്കാൻ യുഎസ് സഹായിക്കുമെന്നും കരാറിൽ പറയുന്നുണ്ട്. എന്നാൽ ഈ പൈലറ്റ് സോണുകൾ എവിടെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള മാപ്പുകളോ മറ്റ് വിശദീകരണങ്ങളോ കരാറിലില്ല. വരും ദിവസങ്ങളിൽ സമഗ്രമായ ഒരു കരാറിലെത്തുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ജൂൺ 22ന് വീണ്ടും കൂടിക്കാഴ്ച നടത്തും.
അതേസമയം, ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അന്തിമ അനുമതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. എന്നാൽ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനായി തത്കാലം വ്യോമാക്രമണങ്ങളും കരയുദ്ധവും തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയത്.
വ്യാഴാഴ്ചയും തെക്കൻ ലെബനനിൽ ഇസ്രായേൽ ശക്തമായ ആക്രമണങ്ങൾ തുടർന്നതായാണ് റിപ്പോർട്ടുകൾ. ബെക്കാ വാലിയിലെ സോഹ്‌മോർ ടൗണിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് പേരും, ടൈർ നഗരത്തിനടുത്തുള്ള മാറൂബിൽ മോട്ടോർ സൈക്കിളിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.









0 comments