വിലങ്ങൻകുന്ന് ടൂറിസം വികസനം 3.45 കോടി രൂപയുടെ 
ഭരണാനുമതി

.

വിലങ്ങൻകുന്നിൽ നിർമിക്കുന്ന വാച്ച് ടവറിന്റെ രൂപരേഖ

വെബ് ഡെസ്ക്

Published on Oct 30, 2025, 12:17 AM | 1 min read


പുഴയ്ക്കൽ

​വിലങ്ങൻകുന്ന് വിനോദസഞ്ചാരകേന്ദ്രം വികസനത്തിന് 3.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ആദ്യഘട്ട സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്ക് 2024–-25 സാമ്പത്തിക വർഷം ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ 2025-–26 വർഷത്തെ പ്ലാൻ പദ്ധതികളിൽ ഉൾപ്പെടുത്തി "വിലങ്ങൻകുന്ന് സൗന്ദര്യവൽക്കരണം -രണ്ടാംഘട്ടം" പദ്ധതിക്ക് 2.45 കോടി രൂപയുടെ കൂടി ഭരണാനുമതിയായി. ഇതോടെ 3.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിലങ്ങൻകുന്നിൽ യാഥാർഥ്യമാകുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ അടാട്ട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വിലങ്ങൻകുന്ന്. കുന്നിനു മുകളിൽ നിന്നുള്ള തൃശൂർ നഗരത്തിന്റെയും കോൾപ്പാടങ്ങളുടെയും മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വ്യായാമത്തിനും സൈക്കിൾ സവാരിക്കും മറ്റുമായി നിരവധിപേരാണ് ഇവിടെയെത്തുന്നത്. വിലങ്ങൻകുന്നിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധതലത്തിൽ കൂടിയാലോചനകൾ നടന്നിരുന്നു. തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കൂടി പരിഗണിച്ചുകൊണ്ടുള്ള ആദ്യഘട്ട, രണ്ടാംഘട്ട സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളാണ് ഭരണാനുമതി നേടി നിർമാണത്തിന് ഒരുങ്ങുന്നത്. വിലങ്ങൻകുന്നിൽ നിന്നുള്ള ദൃശ്യം പൂർണമായി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ വാച്ച് ടവർ കൂടാതെ റെസ്റ്റോറന്റ്, സെമിനാർ ഹാൾ, ഓപ്പൺ ജിം, ബട്ടർഫ്ലൈ ഗാർഡൻ, ടോയ്‌ലറ്റ് ബ്ലോക്ക്, നടപ്പാത നവീകരണം, സൈൻ ബോർഡുകൾ എന്നീ സൗകര്യങ്ങളോടെയുള്ള പദ്ധതിക്കാണ് ഭരണാനുമതിയായത്. സെമിനാർ ഹാൾ തയ്യാറാകുന്നതോടെ കൂട്ടായ്മകളും കലാ പരിപാടികളും സംഘടിപ്പിക്കാൻ സൗകര്യമൊരുങ്ങും. വിലങ്ങൻകുന്നിലേക്കുള്ള റോഡ് പുനരുദ്ധാരണം പുരോഗമിക്കുകയാണ്. ടിക്കറ്റ് കൗണ്ടർ മുതൽ ഹിൽടോപ്പ് വരെയുള്ള റോഡ് കാലവർഷക്കെടുതി പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി മൂന്ന് റീച്ചുകളിലായി 30 ലക്ഷം രൂപയ്ക്ക് പുനർനിർമിക്കുന്നതിന് ഭരണാനുമതിയായി. ആദ്യ റീച്ച് ടെൻഡറായി. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽനിന്നുള്ള 15 ലക്ഷം രൂപ ചെലവഴിച്ച് വിലങ്ങൻകുന്ന് കൾവർട്ട് നിർമാണം പൂർത്തിയായി. സംസ്ഥാനപാത മുതൽ ടിക്കറ്റ് കൗണ്ടർ വരെയുള്ള റോഡ് അടാട്ട് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും ടെൻഡറായിട്ടുണ്ടെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home