മോഹിനിയാട്ടത്തിൽ കാവാട്ടവുമായി ആർ എൽ വി രാമകൃഷ്ണൻ

ആർ എൽ വി രാമകൃഷ്ണൻ കാവാട്ടം അവതരിപ്പിക്കുന്നു
സതീഷ് മുണ്ടക്കോട്ടുകുറുശ്ശി
Published on Aug 24, 2026, 12:14 AM | 1 min read
ചെറുതുരുത്തി
നാടോടി പാരമ്പര്യ ശീലുകളും താളങ്ങളും വായ്‌പേച്ചുകളും ഉൾക്കൊള്ളിച്ച് മോഹിനിയാട്ടത്തിൽ കാവാട്ടവുമായി ആർ എൽ വി രാമകൃഷ്ണൻ. മാനസ ദേശീയ നൃത്തോത്സവത്തിൽ അവതരിപ്പിച്ച കാവാട്ടം ഏറെ ശ്രദ്ധേയമായി. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ രംഗാവതരണമാണ് കാവാട്ടം. മാനവിക മൂല്യങ്ങളും സമത്വവുമാണ് കാവാട്ടത്തിന്റെ ഇതിവൃത്തം. പാട്ടും കൊട്ടും ആട്ടവുമായുള്ള പരന്പരാഗത കലാരൂപത്തിന്റെ ഘടനയാണ് രാമകൃഷ്ണൻ കാവാട്ടത്തിലൂടെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഞ്ച ജാതി താളങ്ങളിൽ ചിട്ട ചെയ്ത പഞ്ചഭൂത സ്തുതിയായിരുന്നു ഇതിന്റെ ഉള്ളടക്കം. പ്രകൃതിയെയും സൂര്യനെയും മലകളെയും സ്തുതിക്കുന്ന വരികൾ പ്രശസ്ത നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പാണ് ആലപിച്ചത്. കുറുങ്കുഴൽ, മരം എന്നീ വാദ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. തുടർന്ന് അഷ്ടപദിയിൽ പ്രിയേ ചാരുശീലേ എന്ന കൃതിയും പിപരെ രസവും അരങ്ങേറി. ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ഏതൊരു കലയും പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളാണെന്ന് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. ഇവയിൽ നിന്ന് നാം സംസ്കരിച്ചെടുത്തതാണ് ശാസ്ത്രീയമായ ഗീതവാദ്യ നൃത്തങ്ങൾ. ഈ ആധുനിക കാലഘട്ടത്തിലും കലയിൽ നേരിടേണ്ടിവരുന്ന വിവേചനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് കാവാട്ടം എന്ന നൃത്തയിനം ചിട്ടപ്പെടുത്താൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.









0 comments