ടൂറിസം നിറവില്‍ പൊയ്യ അഡാക്ക് ഫാം

അഡാക് കരിമീൻ ഹാച്ചറി
ജിബിന സാഗരന്‍
Published on Nov 28, 2025, 12:15 AM | 1 min read
തൃശൂര്‍
പൊയ്യ അഡാക്ക് ഫാമില്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഒന്നാംഘട്ടത്തിന് ഉടന്‍ തുടക്കമാകും. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ പ്രത്യേക വികസന പദ്ധതിയിലുള്‍പ്പെടുത്തി പത്തുലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഫാമിന്റെ സൗന്ദര്യം ആസ്വദിക്കാനും വിനോദത്തിനുമായി നാല് പെഡല്‍ ബോട്ടുകളും രണ്ട് തുഴയുന്ന ബോട്ടും സജ്ജമായി ക്കഴിഞ്ഞു. മനോഹരമായ ബോട്ടുജെട്ടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശുദ്ധവായു ശ്വസിച്ച് കണ്ടല്‍ക്കാടുകളിലൂടെ നടക്കാന്‍ ടൈലുകള്‍ വിരിച്ച 3.5 കിലോമീറ്ററുള്ള റോഡും ഒരുങ്ങികഴിഞ്ഞു. റോഡുകളുടെ പത്തുശതമാനം നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. 190 ലക്ഷം രൂപയുടെ തീരദേശ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഫിഷറീസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പരിശീലന കേന്ദ്രമായും ജനങ്ങൾക്ക് ഫാം ആസ്വദിക്കാനും പഠിക്കാനും കുടുംബങ്ങള്‍ക്ക് വിനോദകേന്ദ്രമാകാനും കഴിയുന്ന ടൂറിസം പദ്ധതിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ ഫ്ലോട്ടിങ് റസ്റ്റോറന്റുകളും വില്ലകളും സജ്ജീകരിക്കും. മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കും. ആകെ 15 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഘട്ടംഘട്ടമായി ഇത് നടപ്പാക്കും. പൊയ്യ അഡാക്ക് ഫാമിലേക്കെത്തിയാല്‍ നിരവധി കാഴ്ചകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. കരിമീന്‍ വിത്തുല്‍പ്പാദിപ്പിക്കുന്ന ഹാച്ചറികള്‍, വനാമി ചെമ്മീന്‍ കൃഷി, സമൃദ്ധമായ കൂടുകൃഷി, ഒപ്പം രുചിയുടെ വൈവിധ്യങ്ങളറിയാന്‍ സാഫിന്റെ നേതൃത്വത്തിലുള്ള റസ്റ്റോറന്റും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.









0 comments