ad
Deshabhimani

കോർപറേഷൻ പണം നൽകിയില്ല

മഴക്കാലപൂർവ ശുചീകരണം
താളം തെറ്റി

....
avatar
’ കെ എ നിധിൻ നാഥ്‌

Published on May 13, 2026, 12:28 AM | 1 min read


തൃശൂർ

കോർപറേഷൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ നഗരത്തിലെ മഴക്കാലപൂർവ ശുചീകരണം താളം തെറ്റി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഒരു ഡിവിഷനു 60,000 രൂപയാണ്‌ കോർപറേഷൻ നൽകുന്നത്‌. 40,000 രൂപ ക‍ൗൺസിലർക്ക്‌ കാന വൃത്തിയാക്കാനും പുല്ല്‌ വെട്ടുന്നതിനുമാണ്‌ അനുവദിക്കുന്നത്‌. 20,000 രൂപ ആരോഗ്യ വിഭാഗത്തിനും. എന്നാൽ, ഇ‍ൗ തുക ഇതുവരെ നൽകിയിട്ടില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിട്ടില്ല. മാർച്ച്‌ ആദ്യ വാരം നടന്ന ക‍ൗൺസിലിൽ ഇത്‌ അജൻഡയായി വരികയും പാസാക്കുകയും ചെയ്‌തിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കുന്നതിൽ മേയർക്കും കോൺഗ്രസ്‌ ഭരണസമിതിക്കും വീഴ്‌ച സംഭവിച്ചു. കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായി നഗരത്തിൽ മലേറിയ, ഡെങ്കിപ്പനി രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പേര്‌ മാറിയ ഒല്ലൂർ സെന്റർ, ചിയ്യാരം എന്നീ രണ്ട്‌ ഡിവിഷനും പുതിയതായി രൂപം കൊണ്ട തിരുവന്പാടി ഡിവിഷനുമായി പുതിയ ബാങ്ക്‌ അക്ക‍ൗണ്ട്‌ രൂപീകരിക്കണം. പുതിയ ക‍ൗൺസിലർമാർ വന്ന ഇടങ്ങളിൽ അവരുടെ പേരിലേക്ക്‌ ബാങ്ക്‌ അക്ക‍ൗണ്ട്‌ മാറ്റണം. ഇ‍ൗ നടപടികൾ പൂർത്തിയാക്കിയശേഷം മാത്രമേ പണം നൽകാൻ കഴിയൂ. കോർപറേഷനിൽനിന്ന് തുക ജില്ലാ മെഡിക്കൽ ഓഫീസിലേക്ക്‌ നൽകിയ ശേഷം ഡിഎംഒ വഴിയാണ്‌ ഡിവിഷനിലേക്ക്‌ പണം അനുവദിക്കുക. ഡിവിഷൻ ക‍ൗൺസിലർ ചെയർമാനും ആരോഗ്യ പ്രവർത്തകൻ കൺവീനറുമായ കമ്മിറ്റിയുടെ അക്ക‍ൗണ്ടിലേക്കാണ്‌ പണം നൽകുക. ഇ‍ൗ പണം ലഭിക്കാത്തതാണ്‌ മഴക്കാല പൂർവ ശുചീകരണം താളം തെറ്റാൻ കാരണം. ഡിഎൽആർ തൊഴിലാളികളെ കൃത്യമായി നിയമിക്കാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്‌. വെള്ളക്കെട്ടുണ്ടാകുന്ന പെരിങ്ങാവ്‌ അടക്കമുള്ള പ്രദേശങ്ങളിൽ കാന ശുചീകരണം പോലും നടന്നിട്ടില്ല. മെയ്‌ 20നു ശേഷം മഴ വരുമെന്നാണ്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌. അതിനു മുന്പ്‌ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്‌. സാധാരണഗതിയിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ക‍ൗൺസിലർമാരുടെ യോഗം വിളിക്കാറുണ്ടെങ്കിലും ഇത്തവണ ഉണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home