കുമാരി പറയുന്നു: ഇവിടം സ്വര്‍ഗമാണ്!

വെള്ളൂര്‍ പ്രശാന്തി നഗറിലെ വീടിന് മുന്നില്‍ കുമാരി
ജിബിന സാഗരന്‍
Published on Sep 30, 2025, 12:36 AM | 1 min read
തൃശൂര്‍
""ചെറിയ മഴ പെയ്താല്‍ പോലും പേടിയായിരുന്നു മണ്ണ് ഇടിയോന്ന്... ഇപ്പോള്‍ ആ പേടിയില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാം. ഇവിടം സ്വര്‍ഗമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച 10ലക്ഷം രൂപ ഉപയോഗിച്ച് വെള്ളൂര്‍ പ്രശാന്തി നഗറില്‍ 3.45 സെന്റ് ഭൂമി വാങ്ങി വീടുവച്ചിട്ട് ഒരു വര്‍ഷമായി. സുരക്ഷിതമായ പ്രദേശത്ത് സ്വന്തം വീടൊരുക്കാന്‍ സഹായിച്ച സംസ്ഥാന സര്‍ക്കാരിന് നന്ദി''. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മുകുന്ദപുരം താലൂക്ക് പുത്തന്‍ചിറ വില്ലേജിലെ പ്രൊജക്ട് കുന്നില്‍ താമസിച്ചിരുന്ന തളാട്ട് കുമാരിയുടെ വാക്കുകളാണിവ. സുരക്ഷിതമായി സ്വന്തം വീട്ടില്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുമാരി. ശനിയാഴ്ച പ്രൊജക്ട് കുന്നില്‍ താമസിച്ചിരുന്ന നാലുകുടുംബങ്ങള്‍ക്കുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10ലക്ഷം രൂപ വീതം അനുവദിച്ചു. മുകുന്ദപുരം താലൂക്കില്‍ പുത്തന്‍ചിറ വില്ലേജിലെ താനത്തുപറമ്പില്‍ ജാസ്മിന്‍, വര്‍ഗീസ് കാളിയങ്കര, പന്തളത്ത് ഉണ്ണിക്കൃഷ്ണന്‍, പാണ്ടികശാല പറമ്പില്‍ സുഹറ എന്നിവര്‍ക്കാണ് തുക അനുവദിച്ചത്. സുരക്ഷിതമായ സ്ഥലത്ത് വീട് നിര്‍മിക്കാനോ വീടും സ്ഥലവും ഒരുമിച്ച് വാങ്ങാനോ തുക ഉപയോഗിക്കാം. നിലവില്‍ വാടകവീടുകളിലാണ് ഇവര്‍ കഴിയുന്നത്. സുരക്ഷിതമായ ഇടത്ത് സ്വന്തം വീട് യാഥാര്‍ഥ്യമാകുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ഇവര്‍. ദുരന്ത സാധ്യതാമേഖലയില്‍ താമസിക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രൊജക്ട് കുന്നില്‍ താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തില്‍ ഇവര്‍ താമസിക്കുന്ന ഇടങ്ങള്‍ വാസയോഗ്യമല്ലെന്നും ദുരന്തസാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദുരന്ത സാധ്യതയുള്ള പ്രദേശത്തുനിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് വീടൊരുക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്. നിലവില്‍ അഞ്ചുകുടുംബങ്ങള്‍ക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്തോ മറ്റെവിടെയെങ്കിലുമോ സ്വന്തമായി ഭൂമിയില്ലാത്തവരാണ് ഇവര്‍.









0 comments