ഭർത്താവിനെതിരെ വ്യാജ പരാതി
കേസെടുക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമീഷൻ

തൃശൂർ
കള്ള ഒപ്പിട്ട് ബാങ്കിൽ നിന്നും 4.20 ലക്ഷം രൂപ ഭർത്താവ് പിൻവലിച്ചെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയിട്ടും ഭാര്യക്കെതിരെ കേസെടുക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമീഷൻ. വിഷയത്തിൽ മറുപടി നൽകണമെന്ന് ചാലക്കുടി ഡിവൈഎസ്‌പിക്ക് കമീഷൻ അംഗം വി ഗീത നിർദേശം നൽകി. കൊടകര സ്വദേശി ജെറിൻ ജോണി കൊടകര പൊലീസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ തെറ്റാണെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന്റെയും ഭാര്യയുടെയും പേരിൽ കൊടകര ഫെഡറൽ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടായിരുന്നു. കാനഡയിൽ ജോലിയുള്ള ഭാര്യ ഒപ്പിട്ട് നൽകിയ ചെക്ക് ഉപയോഗിച്ചാണ് ഭർത്താവ് പണം പിൻവലിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവുമായി അകന്ന ഭാര്യ തന്റെ വ്യാജ ഒപ്പിട്ട് ഭർത്താവ് പണം പിൻവലിച്ചെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട കോടതിയിൽ ഹർജി നൽകുകയായിരുന്നു. പരാതി വ്യാജമാമെന്ന് മനസിലാക്കിയപ്പോൾ കോടതിയെ ഇക്കാര്യം അറിയിച്ചു. എന്നാൽ മൂന്നു വർഷത്തെ കാലതാമസമുണ്ടായി. പരാതിക്കാരൻ ഭാര്യക്കെതിരെ നൽകിയ പരാതി നിയമതടസ്സം കാരണം കേസെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. തന്റെ ഭാര്യയുടെ സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും പരാതിക്കാരൻ ആരോപിച്ചു.










0 comments