ബിജെപിയിൽ തമ്മിലടി
പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി

സ്വന്തം ലേഖകൻ
തൃശൂർ
തൃശൂർ ബിജെപിയിൽ തമ്മിലടി രൂക്ഷമായതിനെത്തുടർന്ന് സ്ഥാനാർഥിയെ മാറ്റി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിരയെയാണ് പ്രാദേശിക പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്ന് മാറ്റിയത്. ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ച്, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മാലയിട്ട് സ്വീകരിച്ച സ്ഥാനാർഥിയെ പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. എന്നാൽ പ്രകോപിതരായ ജില്ല നേതൃത്വം പ്രാദേശിക പ്രവർത്തകർ നിർദേശിച്ച സ്ഥാനാർഥിയെ ഒഴിവാക്കി തൊട്ടടുത്ത ഡിവിഷനിലെ എം ശ്രീവിദ്യയെ സ്ഥാനാർഥിയാക്കി. കുട്ടൻകുളങ്ങരയിൽ ബിജെപി പ്രവർത്തക വിനീതയെയാണ് പ്രാദേശിക പ്രവർത്തകർ നിർദേശിച്ചത്. പ്രചാരണവും തുടങ്ങിയിരുന്നു. ഇത് വകവയ്‌ക്കാതെയാണ് നേതാക്കൾ നിലവിൽ പൂങ്കുന്നം കൗൺസിലറും ജില്ലാ പ്രസിഡന്റ് ജസ്‌റ്റിൻ ജേക്കബ് ഗ്രൂപ്പുകാരിയുമായ ആതിരയെ പ്രഖ്യാപിച്ചത്. അയ്യന്തോൾ, തേക്കിൻകാട്, കാനാട്ടുകര ഡിവിഷനുകളിലേക്ക് ഇവരെ ആലോചിച്ചെങ്കിലും അവിടെയും പ്രാദേശിക എതിർപ്പുകൾ ഉയർന്നു. കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ആതിരയെ ഹാരാർപ്പണം ചെയ്‌ത് സ്വീകരിച്ചത്. എന്നാൽ ഡിവിഷൻ യോഗത്തിനെത്തിയ സ്ഥാനാർഥിയെ പ്രവർത്തകർ തടഞ്ഞു. കോർപറേഷൻ ചുമതലയുള്ള എം ടി രമേഷും ശോഭ സുരേന്ദ്രനും ഇടപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ബിജെപിക്ക് നാണം കെടേണ്ട സ്ഥിതി സൃഷ്ടിച്ചതിൽ രാജീവ് ചന്ദ്രശേഖർ വിശദീകരണം തേടിയിട്ടുണ്ട്.









0 comments