മിൽമയിലെ ജനവിധി അട്ടിമറിക്കാനുള്ള നീക്കം
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കർഷക മാർച്ച്

കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
മിൽമയിലെ ജനവിധി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കർഷക സംഘം നേതൃത്വത്തിൽ ക്ഷീര കർഷകർ തൃശൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് രൂപീകരിച്ച മിൽമ യൂണിയനുകളും ഫെഡറേഷനുകളും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബോർഡുകളാണ്. സമീപകാലത്താണ് മലബാർ യൂണിയനിലും തിരുവനന്തപുരം യൂണിയനിലും ഇടതു കർഷക സംഘടനകളുടെ പാനൽ വിജയിച്ചു. ഈ ഭരണം വന്നതിനുശേഷം ക്ഷീര കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന യൂണിയനായി മിൽമ മാറി. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യം അട്ടിമറിച്ച് സ്ഥാപനം കൈയടക്കുകയാണ്. കള്ളപ്രചാരണം നടത്തി തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു. ഇതിനെതിരെ നടത്തിയ ക്ഷീര കർഷക മാർച്ച് കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി എം എം അവറാച്ചൻ, പി കെ ഡേവീസ്, ടി എ രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. മാർച്ചിനും ധർണക്കും കെ വി സജു, പി ഐ സജിത, കെ രവീന്ദ്രൻ, ഗീത ഗോപി, എം എൻ സത്യൻ, ടി ജി ശങ്കരനാരായണൻ, ടി വി ഹരിദാസ്, എം എ ഹാരീസ് ബാബു എന്നിവർ നേതൃത്വം നൽകി.










0 comments