മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ഗുരുവായൂർ
പ്രശസ്‌ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. കർണാടക സംഗീത ലോകത്ത് മൃദംഗ വാദനത്തിലെ സവിശേഷ സാന്നിധ്യമായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. എട്ടാം വയസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചാണ് മൃദംഗവാദനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എട്ട് പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പുതുക്കോട്ടൈ ശൈലിയിൽ അഗ്രഗണ്യനായിരുന്നു. ജി എസ് കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലൈ രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസ്സിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠനം മുടങ്ങി. തുടർന്ന് അച്ഛനാണ് മൃദംഗ പഠനത്തിലേക്ക് വഴിതിരിച്ചുവിട്ടത്. പാലക്കാട്ട് സുബ്ബയ്യർ, ഇ പി നാരായണ പിഷാരടി എന്നിവരുടെ കീഴിലായിരുന്നു ആദ്യപഠനം. 1949 ൽ പ്രശസ്ത മൃദംഗ വിദ്വാൻ പളനി സുബ്രഹ്‌മണ്യം പിള്ളയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ചെന്നൈയിലേക്ക് താമസം മാറ്റിയ ദൊരൈ, പളനി സുബ്രഹ്‌മണ്യം പിള്ളയോടൊപ്പം ഒമ്പത് വർഷം താമസിച്ച് മൃദംഗം അഭ്യസിച്ചു. എം എസ് സുബ്ബലക്ഷ്മി, മുസിരി സുബ്രഹ്‌മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം ഡി രാമനാഥൻ, എം ബാലമുരളീകൃഷ്ണ, ടി ആർ മഹാലിംഗം തുടങ്ങിയവരുടെ കച്ചേരികൾക്ക് മൃദംഗം വായിച്ചു. നിറംകുടം എന്ന ചിത്രത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ ഗാനത്തിൽ മൃദംഗം വായിച്ചത് ഗുരുവായൂർ ദൊരൈയായിരുന്നു. 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി പട്ടവും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2006ൽ ഗുരുവായൂർ നഗരസഭ ആദരിച്ചിരുന്നു.








0 comments