print edition ആൻസി സോജനെയും ശ്രീശങ്കറിനെയും റാഞ്ചാൻ സംസ്ഥാനങ്ങൾ; വാഗ്‌ദാനങ്ങളുമായി തമിഴ്‌നാട് സർക്കാർ


വി എസ് വിഷ്‌ണുപ്രസാദ്
Published on Oct 12, 2026, 01:03 AM | 1 min read
തിരുവനന്തപുരം: ഇന്ത്യയുടെ ലോങ് ജമ്പ് താരങ്ങളായ ആൻസി സോജനെയും എം ശ്രീശങ്കറിനെയും സ്വന്തമാക്കാൻ പിന്നാലെകൂടി മറ്റ് സംസ്ഥാനങ്ങൾ. ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ ഇരുവർക്കും ഒളിന്പിക്‌സ് മെഡൽ നേടാനാവശ്യമായ സഹായം ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌താണിത്.
കേരളത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഇരുവരും ഉയർത്തിയതിനുപിന്നാലെയാണ് തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഓഫർ. കേരള സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം, അർഹമായ സ്വീകരണം എന്നിവ ഇനിയും നൽകാത്ത സാഹചര്യത്തിലാണ് ഇരുവരും പ്രതികരിച്ചത്. അതിനുശേഷം കായികമന്ത്രി ഇരുവരേയും വിളിച്ച് സ്വീകരണം ഒരുക്കാം എന്ന് വാക്കുനൽകിയെന്നാണ് വിവരം.
മറ്റ് സംസ്ഥാനങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകി. കേരളം മാത്രമാണ് ഇതുവരെ നൽകാത്തത്. മെഡൽ നേടിയശേഷം മുഖ്യമന്ത്രിയോ കായികമന്ത്രിയോ വിളിച്ചിരുന്നില്ലെന്നും ഇരുവരും പരാതിപ്പെട്ടു. കേരളത്തിൽ തുടരണോ എന്ന് ചിന്തിക്കുകയാണെന്നും മറ്റ് സംസ്ഥാനങ്ങൾ വമ്പൻ ഓഫറുകൾ നൽകി വിളിക്കുന്നുണ്ടെന്നും ആൻസിയും ശ്രീശങ്കറും പറഞ്ഞു.
ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്നതിന് വലിയ സാമ്പത്തിക സഹായം ആവശ്യമാണ്. കേരളത്തിൽനിന്ന് അത്തരത്തിലുള്ള പിന്തുണയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാടിന്റെ സ്‌പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റി വഴി താരങ്ങൾക്കായി വിവിധ സ്‌കീമുകളിലൂടെ സഹായം നൽകാമെന്നാണ് വാഗ്‌ദാനം.
ഏഷ്യൻ ഗെയിംസിൽ സ്വർണംനേടുന്ന മലയാളികൾക്ക് 50 ലക്ഷം, വെള്ളിനേടുന്നവർക്ക് 30 ലക്ഷം, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം എന്നിങ്ങനെ നൽകുമെന്ന് കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിച്ചില്ല. മെഡൽനേടി കേരളത്തിന്റെ അഭിമാന താരങ്ങൾ നാട്ടിലെത്തിയിട്ടും ഒൗദ്യോഗീക സ്വീകരണംപോലും ഒരുക്കാതെ കായികവകുപ്പ് അവഗണിക്കുകയാണ്.









0 comments