പ്രതിഷേധം ശക്തമാക്കും: എസ്എഫ്ഐ

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ ജില്ലാ പ്രസിഡന്റ് ഷാദുലിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു
പാലക്കാട്
നിയമപാലകർ നിയമലംഘനം തുടർന്നാൽ തെരുവിൽ എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമാക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഡൽഹി ജന്തർമന്തറിലെ അതിക്രമത്തിനെതിരെ ഞായറാഴ്‌ച ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ മദ്യ ലഹരിയിൽ പൊലീസുകാരൻ ആക്രമിച്ചു. പ്രതിഷേധത്തെ നേരിടുന്നത് സംബന്ധിച്ച് കേരള പൊലീസ് മാന്വലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലുമുള്ള നിർദേശങ്ങൾക്കെതിരെയാണ് ഇയാൾ പ്രവർത്തിച്ചത്. നല്ലൊരുഭാഗം പൊലീസുകാരും യൂണിഫോം കോഡും പാലിച്ചിരുന്നില്ല. മദ്യപിച്ചെത്തിയ പൊലീസുകാരനെ സംരക്ഷിക്കാനും ശ്രമവും നടന്നു. ഡൽഹിയിലെ സമരങ്ങളെ നേരിടുന്ന അതേരീതിയാണ് ഇവിടെയും കണ്ടത്. ഭരണകൂട ഭീകരതയെ ഭയപ്പെടുന്നില്ലെന്നും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ സമരം തുടരുമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഡൽഹിക്ക് സമാനമായ പൊലീസ് ആക്രമണം: പി കെ ഷിബി കൃഷ്ണ പാലക്കാട്
എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ നടന്ന പൊലീസ് ആക്രമണം ഡൽഹിയിൽ നടക്കുന്ന നരനായാട്ടിന് സമാനമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ. ആർഎസ്‌എസിനെതിരെ സമരം ചെയ്ത ആളുകളെ ആക്രമിച്ചതിനെതിരെ കേരളത്തിൽ സമരം ചെയ്യുമ്പോൾ എന്തിനാണ് കേരളത്തിലെ പൊലീസിന് പൊള്ളുന്നത്. എസ്‌എഫ്‌ഐ പ്രവർത്തകർ വളരെ മര്യാദയോടെയാണ് സമരം ചെയ്തത്. സംസ്ഥാന പ്രസിഡന്റിനെ ഉൾപ്പെടെ ആക്രമിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പെൺകുട്ടികളെ ഉപദ്രവിച്ചു. പൊലീസ് ജനങ്ങളെ സംരക്ഷിക്കാനുള്ള സമീപനം സ്വീകരിക്കണം. ഒരു പൊലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ അയാളെ അവിടെനിന്ന് മാറ്റി. അയാളെ മാത്രമാണ് ഒരു വണ്ടിയിൽ കയറ്റിക്കൊണ്ടുപോയത്. ഇതിനെതിരെയെല്ലാം ശക്തമായ സമരം ഉയർന്നുവരും. പൊലീസും നേതൃത്വം നൽകുന്നവരും മറുപടി പറയണമെന്നും ഷിബി കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.









0 comments