ad
Deshabhimani

ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന്

ഗുരുവായൂരിലെ ഉത്രാടകാഴ്ചക്കുല സമര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്തെ കടകളില്‍ ചെങ്ങാലിക്കോടന്‍ പഴം 
നിരന്നപ്പോള്‍

ഗുരുവായൂരിലെ ഉത്രാടകാഴ്ചക്കുല സമര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്തെ കടകളില്‍ ചെങ്ങാലിക്കോടന്‍ പഴം 
നിരന്നപ്പോള്‍

വെബ് ഡെസ്ക്

Published on Aug 25, 2026, 12:45 AM | 2 min read


ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓണാഘോഷത്തിന് തുടക്കമാകുന്ന ഉത്രാട കാഴ്ചക്കുല സമർപ്പണം ചൊവ്വാഴ്ച നടക്കും. രാവിലെ ശീവേലിക്കു ശേഷം സ്വര്‍ണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമരച്ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും . കാഴ്ചക്കുലയുമായി ആരേയും നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്തുകൂടി വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും. ചെങ്ങാലിക്കോടൻപഴമാണ് ഗുരുവായൂരിലെ കാഴ്ചക്കുലയായി സമര്‍പ്പിക്കുക. മുന്‍ കാലങ്ങളില്‍ ദേവസ്വം ഭൂമിയില്‍ കൃഷിചെയ്തിരുന്ന കര്‍ഷകര്‍ തങ്ങളുടെ വിളവെടുപ്പിന്റെ സന്തോഷപ്രകടനമായി ക്ഷേത്രത്തില്‍ ഉത്രാട നാളില്‍ നേന്ത്രപ്പഴക്കുലകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ക്രമേണ പാട്ട വ്യവസ്ഥ അവസാനിക്കുകയും പാട്ട ഭൂമികള്‍ ഇല്ലാതാവുകയും ചെയ്തെങ്കിലും പഴക്കുലകളുടെ സമര്‍പ്പണം തുടരുകയായിരുന്നു. പിന്നീട് പാട്ടക്കുല കുലകള്‍ എന്നത് കാഴ്ചക്കുലസമര്‍പ്പണമായി മാറി. സ്വര്‍ണ നിറമാര്‍ന്ന പഴക്കുലകളാണ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. തിങ്കള്‍ വൈകിട്ടോടെ കടകളും സ്ഥാപനങ്ങളും ലക്ഷണമൊത്ത ചെങ്ങാലി ക്കോടന്‍ നേന്ത്രക്കുലകളാല്‍ നിറഞ്ഞുകഴിഞ്ഞു. ഉത്രാടപ്പാച്ചിലിനിടയിലും നൂറുകണക്കിന് വിശ്വാസികള്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണത്തിനായി ഗുരുവായൂരിലെത്തി. വിശ്വാസികളെത്തി ഇവിടങ്ങളിലെ കാഴ്ചക്കുലകള്‍ തൂക്കം നോക്കി വിലപറഞ്ഞു ഉറപ്പിക്കാൻ എത്തിയിട്ടുണ്ട്. ഒരുക്കം പൂർത്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമര്‍പ്പണത്തിന്റെയും തിരുവോണാഘോഷത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ വി കെ ഗോപിനാഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. കാഴ്‌ചക്കുല സമർപ്പിക്കാനെത്തുന്നവർക്ക് മുതിർന്ന പൗരർക്കുള്ള ദർശന വരിയുടെ ഭാഗത്ത് സൗകര്യമൊരുക്കും. സുഗമമായ നടത്തിപ്പിനായി ദർശനത്തിനുള്ള സീനിയർസിറ്റിസൺ, പ്രാദേശികം വരികൾ രാവിലെ 5.30 ന് അവസാനിപ്പിക്കും. തിരുവോണദിനമായ ബുധനാഴ്‌ച നടക്കുന്ന ഓണപ്പുടവ സമർപ്പണം പുലര്‍ച്ചെ നാലരയ്‌ക്ക് തുടങ്ങും. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. ഓണദിനത്തില്‍ പതിവ് ക്ഷേത്ര ച്ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി പകല്‍ രണ്ടിന് അവസാനിപ്പിക്കും. 2ന് ശേഷം ക്യുവില്ലാതെ ബുഫേ തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home