ഓട്ടിസം തെറാപ്പിക്ക്‌ ഓമനമൃഗങ്ങളും

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നിപ്‌മറിൽ അനിമൽ അസിസ്റ്റഡ് 
തെറാപ്പിക്ക്‌ കൊണ്ടുവന്ന നായ

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നിപ്‌മറിൽ അനിമൽ അസിസ്റ്റഡ് 
തെറാപ്പിക്ക്‌ കൊണ്ടുവന്ന നായ

avatar
സി എ പ്രേമചന്ദ്രൻ

Published on Sep 13, 2025, 12:15 AM | 1 min read


തൃശൂർ

അലീഷ എന്ന വിളിയിൽ ഇ‍ൗ നായ ഓടിയെത്തും. ജന്പ്‌ എന്ന്‌ പറഞ്ഞാൽ ചാടും. കുട്ടികളുമായി സംവദിക്കും. ഓട്ടിസം ബാധിച്ചവരുൾപ്പടെ ഭിന്നശേഷിക്കാരെ ഉണർത്താനും ജീവിതാവസ്ഥ മെച്ചപ്പെടുത്താനുമായി ഇതാ അനിമൽ അസിസ്റ്റഡ് തെറാപ്പി. പ്രതികരണശേഷി വളരെ കുറവുള്ള കുട്ടികൾ മൃഗങ്ങളുടെ പ്രവൃത്തി കണ്ടാൽ ആഹ്‌ളാദിക്കും അനുകരിക്കും. ഇത്തരത്തിൽ നായ, മുയൽ, ആട്, പശു കുതിര തുടങ്ങിയ വളർത്തുമൃഗങ്ങളുടെ സഹായത്തോടെ മാനസിക– ശാരീരിക വൈകല്യമുള്ള കുട്ടികളെ ഉണർത്തിയെടുത്ത്‌ സജീവമാക്കുന്ന തെറാപ്പിക്കാണ്‌ നിപ്‌മറിൽ തുടക്കമായത്‌. സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ഒക്യൂപേക്ഷണൽ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സാ സമ്പ്രദായം ആരംഭിച്ചത്. അനിമൽ ട്രെയിനറുടെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച ഗോൾഡൻ റിട്രീവർ നായയെയാണ് ആദ്യഘട്ടം തെറാപ്പിക്ക്‌ പ്രയോജനപ്പെടുത്തുന്നത്‌. സെൻസറി പ്രശ്നമുള്ള കുട്ടികളുടെ പെരുമാറ്റപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളെ ഉൽക്കണ്ഠ, ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് എന്നിവ പരിഹരിക്കുന്നതിനും സാമൂഹ്യ ഇടപെടൽ വർധിപ്പിക്കുന്നതിനും ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന്‌ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാജ്യത്ത്‌ ആദ്യമായി പൊതുമേഖലാ സ്ഥാപനത്തിന്‌ കീഴിൽ കേരളത്തിലെ നിപ്‌മറിലാണ്‌ ഇ‍ൗ തെറാപ്പി ആരംഭിക്കുന്നതെന്ന്‌ നിപ്‌മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) അല്ലെങ്കിൽ സെൻസറി പ്രോസസിങ് ഡിസോർഡേഴ്സ് പോലുള്ള വൈകല്യങ്ങളുള്ള കുട്ടികൾക്ക് ഇ‍ൗ തെറാപ്പി ഗുണകരമാണ്‌. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, വെറ്ററിനറി ഡോക്ടർമാർ, അനിമൽ ഹാൻഡ്‌ലർമാർ എന്നിവരുൾപ്പെടെയുള്ള വിദഗ്‌ദ ടീം വഴി പദ്ധതി വികസിപ്പിക്കും. വെറ്ററിനറി സർവകലാശാലയുമായി സഹകരിച്ച്‌ വിപുലീകരിക്കാനും ലക്ഷ്യമുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home