ad
Deshabhimani

പുത്തൂരിൽ വിരിയും 
കുങ്കുമപ്പൂവ്

ജെയിംസ് തന്റെ ശീതീകരിച്ച കുങ്കുമപ്പൂ 
കൃഷിയിടത്തിൽ

വെബ് ഡെസ്ക്

Published on May 01, 2026, 12:37 AM | 2 min read

സുരേഷ്‌ എടക്കുന്നി

​ഒല്ലൂർ

കത്തിനിൽക്കുന്ന വേനൽ, പുറത്തിറങ്ങാൻ കഴിയാനാവാത്ത അന്തരിക്ഷം, ഈ കാലാവസ്ഥയിലും പുത്തൂരിൽ കനത്ത തണുപ്പിൽ കുങ്കുമപ്പൂവ് വിരിയുന്നു. കാശ്മീരിന്റെ തണുത്ത കാലാവസ്ഥയിൽ മാത്രം വളരുന്ന കുങ്കുമപ്പൂവാണ് ഇപ്പോൾ പുത്തൂരിലും വിളയുന്നത്. പുത്തൂർ നമ്പ്യാർ റോഡിൽ കാപ്പാനി ജെയിംസിന്റെ വീട്ടിലെ ടെറസിനു മുകളിൽ ശീതികരിച്ച മുറിയിലാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യങ്ങളിലൊന്നായ കുങ്കുമപ്പൂവ് വിരിയുന്നത്. 20 വർഷമായി സൗദി ഡിഫൻസിൽ ജോലി ചെയ്തിരുന്ന ജെയിംസ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കാർഷിക മേഖലയിലേക്ക് തിരിയുകയായിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പച്ചക്കറിയും പൊള്ളാച്ചിയിൽനിന്ന് നാളികേരം ശേഖരിച്ച് വിദേശത്തേക്ക് കയറ്റുമതിയും തുടങ്ങി. എന്നാൽ ഇതിലൊന്നും മനസ്സുറയ്ക്കാതെ മറ്റെന്തെങ്കിലും കൃഷി ചെയ്യണമെന്ന ആലോചനയിലാണ് കുങ്കുമപ്പൂവ് കൃഷിയിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ജമ്മു കശ്മീർ താഴ്‌വാരമായ പാംപോറിൽ എത്തി അവിടത്തെ പരമ്പരാഗത കൃഷി രീതികളും മണ്ണിലെ ഘടക മൂലകങ്ങളെ കുറിച്ചും പഠിക്കുകയും അവിടത്തെ കുങ്കുമ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. തുടർന്ന് എയറോപോണിക്സ് മണ്ണ് രഹിത രീതിയിൽ കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനായി വീടിന്റെ ടെറസിൽ 150 ചതുരശ്ര അടിയിലുള്ള മുറിയിൽ 4 ഡിഗ്രി സെൽഷ്യസിൽ കൃത്രിമമായി താപനില ക്രമീകരിച്ച് കൃഷിയിടം ഒരുക്കി. വളർച്ചയുടെയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത താപനില സ്വയം ക്രമീകരിക്കപ്പെടുന്ന സംവിധാനം മുറിയിൽ സജ്ജീകരിച്ചു. പാംപോറിൽനിന്ന് കൊണ്ടുവന്ന കിഴങ്ങുകൾ ഉപയോഗിച്ച് ആദ്യബാച്ച് കൃഷിയിറക്കി. മൂന്ന് മാസത്തെ പരിചരണത്തിനൊടുവിൽ ചുവന്ന കുങ്കുമപ്പൂവ് വിരിഞ്ഞു. നല്ല വിളവെടുപ്പും ലഭിച്ചു. ഇപ്പോൾ അടുത്ത ബാച്ചിലെ വിളവെടുപ്പിനായി കാത്തിരിക്കുകയാണ് ജെയിംസ്. പൂവിൽനിന്ന് ചുവന്ന നാരുകൾ വേർതിരിച്ചെടുത്ത് ഉണക്കിയാണ് കുങ്കുമപ്പൂവ് ഉപയോഗിക്കാൻ എടുക്കുന്നത്. പ്രധാനമായും സ‍ൗന്ദര്യ വർധകവസ്‌തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന കുങ്കുമപൂ ഒരു ഗ്രാമിന്‌ 600 രൂപയാണ്‌ വില. കൃത്രിമ കാലാവസ്ഥ ഒരുക്കി എവിടെയും കുങ്കുമം വിളയിക്കാമെന്നും കശ്മീരിൽ പരമ്പരാഗത കൃഷിയിലൂടെ ഒരേക്കറിൽനിന്ന് ലഭിക്കുന്ന കുങ്കുമം 450 മുതൽ 500 ചതുരശ്ര അടി മാത്രം വരുന്ന ഹൈടെക് കൃഷിയിടത്തിൽ വിളയിക്കാൻ ആകുമെന്ന് ജെയിംസ് പറയുന്നു. കുങ്കുമപ്പൂവ് ചേർത്ത ബേബി ഓ യിൽ, സോപ്പ്, തേൻ എന്നീ ഉൽപ്പന്നങ്ങളും വിപണിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്. കുങ്കുമപ്പൂവ് വാങ്ങിക്കുന്നതിനും കൃഷിയെ കുറിച്ച് അറിയുന്നതിനും നിരവധിപേർ ജെയിംസിനെ തേടിയെത്തുന്നുണ്ട്. ഫോൺ: 9847763936.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home