ad
Deshabhimani

പരിശോധനയ്ക്ക്‌ കാത്തുനില്‍ക്കാതെ മാത്യു അച്ചാടന്‍ യാത്രയായി

..
avatar
കെ ജെ ലിജോ

Published on Apr 28, 2026, 12:15 AM | 1 min read

ചാലക്കുടി

എറണാകുളം ലിസി ആശുപത്രിയില്‍ ചെക്കപ്പിന് പോകാന്‍ കാത്തുനില്‍ക്കാതെ മാത്യു അച്ചാടന്‍ യാത്രയായി. തിങ്കളാഴ്ച ഡോക്ടറെ കാണാനായി ബുക്ക് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ തിങ്കള്‍ പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 10 വര്‍ഷം മുമ്പാണ് മാത്യു അച്ചാടന്‌ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മാത്യുവിന് കടുത്ത ശ്വാസതടസ്സമടക്കമുള്ള ബുദ്ധിമുട്ട് നേരിട്ടു. ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴിയില്ലെന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടർന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം പാറശാല അഗ്രഹാരത്തിലെ അഡ്വ. എസ് നീലകണ്ഠശര്‍മ കുളിമുറിയില്‍ വീണ് മസ്തിഷ്‌കമരണം സംഭവിച്ചതാണ് വഴിത്തിരിവായത്. നീലകണ്ഠ ശര്‍മയുടെ വീട്ടുകാര്‍ അവയവദാനത്തിന് സമ്മതിച്ചതോടെ മാത്യുവിന് നറുക്ക് വീണു. മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയം എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലും റോഡ് മാര്‍ഗം എറണാകുളം ലിസി ആശുപത്രിയിലുമെത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതും മാത്യു ജീവിതത്തിലേക്ക് തിരികെവന്നതും എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതുമൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തോളം വിശ്രമം. വിശ്രമകാലം അവസാനിച്ചപ്പോള്‍ വെറുതെയിരിക്കാന്‍ മാത്യു തയ്യാറായില്ല. ഡോക്ടര്‍മാരുടെ അനുമതിയോടെ വീണ്ടും ഓട്ടോത്തൊഴിലാളിയായി. ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് ധൈര്യം നൽകാന്‍ ഒഴിവുസമയങ്ങള്‍ ചെലവിട്ടു. ഒരുമാസം മുമ്പ് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രണ്ടാഴ്ചമുമ്പ് അത് വീണ്ടുമുണ്ടായി. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ ബുക്ക് ചെയ്തു. ഡോക്ടറെ കാണാൻ പോകാനിരിക്കെ പുലര്‍ച്ചെയാണ്‌ മരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home