ad
Deshabhimani

നബീൽ നക്ഷത്രങ്ങളെ തൊടും

നെബീൽ പരിശീലനത്തിൽ
avatar
പി വി ബിമൽ കുമാർ

Published on Jul 18, 2025, 12:31 AM | 2 min read

കൊടുങ്ങല്ലൂർ

നബീലിന്റെ സ്വപ്നത്തിന് എവറസ്റ്റോളം ഉയരമുണ്ട്. അറബിക്കടലിന്റെ തീരത്ത് എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനത്തിലാണ് ഈ നാട്ടിൻപുറത്തുകാരൻ. ലക്ഷ്യം ഒന്നു മാത്രം. എവറസ്റ്റിന്റെ നെറുകയിലെത്തണം. ഇതിനായുള്ള കഠിനമായ പരിശീലനത്തിലാണിപ്പോൾ. എറിയാട്‌, പേബസാർ കാട്ടുപറമ്പിൽ അബൂബക്കറിന്റെയും സുബൈദയുടെയും മകനായ നബീലിന് കുന്നും ചെറുമലകളും കയറുന്നത് എന്നും ഹരമായിരുന്നു. പശ്ചിമഘട്ടത്തിലെ ചെറു മലകൾ കയറിയിട്ടുണ്ട്. കടലോര ഗ്രാമത്തിലെ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഒരിക്കൽ കടപ്പുറത്തെ ചൊരിമണലിൽ മലർന്നു കിടക്കുമ്പോൾ ആകാശത്ത് നക്ഷത്രങ്ങൾ പൂത്തിരുന്നു. നക്ഷത്രങ്ങളെ തൊടാനെന്തു ചെയ്യും എന്ന ചിന്തയിൽ മനസ്സ്‌ ഉലഞ്ഞപ്പോൾ ഹിമാലയം തെളിഞ്ഞു വന്നു. എവറസ്റ്റിന്റെ നെറുകയിൽ നിന്നാൽ കോലോളം ദൂരത്തിൽ മാത്രമായിരിക്കും നക്ഷത്രങ്ങൾ. ഇടുക്കിയിലെ ചൊക്ലി മല കയറുമ്പോൾ ആ നാട്ടുകാരനാണ് ചോദിച്ചത് തനിക്ക് എവറസ്റ്റ് കയറിക്കൂടേയെന്ന്. അന്ന് മുതലാണ് എവറസ്റ്റ് സ്വപ്നങ്ങളിൽ നിറഞ്ഞത്. പിന്നെ അതു മാത്രമായി ചിന്ത. എവറസ്റ്റ് കീഴടക്കാൻ പരിശീലനം മാത്രം പോരാ, വലിയൊരു തുകയും വേണം. കൂട്ടുകാരോട് കാര്യം പറഞ്ഞു. ധൈര്യമായി മുന്നോട്ട് പോകാൻ അവർ പറഞ്ഞു. നാട്‌ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. ആ ധൈര്യത്തിലാണ് നബീൽ കഠിനമായ പരിശീലനമാരംഭിച്ചത്. എവറസ്റ്റാരോഹണത്തിന് 55ലക്ഷം രൂപയാണ് ചെലവ്. നേപ്പാൾ സർക്കാരിന്റെ പെർമിറ്റ് ഫീസും പർവതാരോഹണത്തിനാവശ്യമായ എക്യുപ്മെന്റുകളും രണ്ട് മാസത്തെ ചെലവിനുമാണ് ഈ തുക. എവറസ്റ്റ് കീഴടക്കിയ ഷെയ്ക്ക് ഹസൻ ഖാന്റെ ശിക്ഷണത്തിലാണ് പരിശീലനം. ഇതിനിടയിൽ നെബീൽ ഉത്തരാഖണ്ഡിലെ 12,500 അടി വരുന്ന യേദാർഖണ്ഡ പർവതം കീഴടക്കി. മൈനസ് 18 ഡിഗ്രിയായിരുന്നു തണുപ്പ്. ഈ കാലാവസ്ഥയിൽ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന പരീക്ഷണത്തിലും വിജയിച്ചു. 2026 ഏപ്രിൽ, മെയ് മാസങ്ങളിലാണ് എവറസ്റ്റ് കീഴടക്കാൻ തുടങ്ങുക. ഡിസംബറിൽ ഫണ്ട് കൊടുക്കണം. നബീലിന്റെ എവറസ്റ്റ് യാത്രയെന്ന പേരിൽ സുഹൃത്തുക്കൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ പണം ശേഖരിക്കുന്നുണ്ട്. കുറച്ച് പണം മാത്രമേ കിട്ടിയിട്ടുള്ളൂ. കലക്ടർ അർജുൻ പാണ്ഡ്യൻ, ഇ ടി ടൈസൺ എംഎൽഎ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ എന്നിവരുൾപ്പെടെയുള്ളവർ പിന്തുണയുമായുണ്ട്. പുലർച്ചെ 4.30 നാണ് പരിശീലനം ആരംഭിക്കുന്നത്. ശരീരത്തിൽ 20 കിലോ ഭാരം തൂക്കി ഓടാനുള്ള ഒരുക്കത്തിലാണിപ്പോൾ. എന്ത്‌ സഹിച്ചും എവറസ്റ്റ് കീഴടക്കുമെന്ന് നബീൽ ദേശാഭിമാനിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home