‘തൊഴിൽപ്പൂര’ത്തിന് വിളിക്കാൻ വീട്ടിലെത്തും വിജ്ഞാന സേന

പദ്ധതിയുടെ ഭാഗമായി വീടുകൾ കയറി രജിസ്ട്രേഷൻ ചെയ്യുന്ന വിജ്ഞാന സേന
തൃശൂർ
തൃശൂരിൽ 26ന് നടക്കുന്ന ‘തൊഴിൽ പൂരം’–- മെഗാ ജോബ് ഫെയറിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കാൻ വീടുകൾ കയറിയിറങ്ങി പ്രാദേശിക റിസോർഴ്‌സ് പേഴ്സൺമാർ അടങ്ങുന്ന വിജ്ഞാന തൃശൂരിന്റെ സന്നദ്ധ സേന. തൊഴിൽരഹിതരേയും തൊഴിൽ അന്വേഷകരെയും കണ്ടെത്തി ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴിയും ജോബ് സ്റ്റേഷൻ, ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയും രജിസ്റ്റർ ചെയ്യുന്ന പ്രവർത്തനത്തിലാണ് പതിനായിരം പേരടങ്ങുന്ന സേന. പങ്കാളിത്ത വികസനത്തിന്റെ പുത്തൻ സാധ്യതകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ജനകീയസൂത്രണത്തിന്റെ രണ്ടാം വരവിന് കോപ്പുകൂട്ടുകയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴിൽ ഉറപ്പുവരുത്തി പ്രാദേശികം മുതൽ അന്തർദേശീയ തൊഴിലുകൾ വരെ ലഭ്യമാക്കും. വിജ്ഞാന കേരളം പദ്ധതി യാഥാർഥ്യമാകുന്നതോടെ 18 മുതൽ 59 വരെ വയസ്സുള്ളവർക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കും. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വികസിത രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവർക്ക് അതേ നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങളും വിഭവശേഷിയും ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത് ജനകീയ കമ്മിറ്റി, കെകെഇഎം ഡിമാൻഡ് സൈഡ് മാനേജ്മെന്റ് ടീം, ജോബ് സ്റ്റേഷൻ, ഫെസിലിറ്റേഷൻ സെന്ററുകൾ, കമ്യൂണിറ്റി അംബാസിഡർമാർ, മോട്ടിവേറ്റേഴ്സ്, പ്രൊഫഷണൽ കമ്യൂണിറ്റി മെന്റർമാർ, കുടുംബശ്രീ, എൽആർപി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ക്യുറേഷൻ, കൗൺസിലിങ് സേവനങ്ങൾ തുടങ്ങിയ വികേന്ദ്രീകൃത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽരഹിതർ ഇല്ലാത്ത നാട് കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിലാണ് വിജ്ഞാന സേന.










0 comments