കോർപറേഷൻ പരിധിയിൽ 5,205 തെരുവുനായ ശല്യം രൂക്ഷമെന്ന് സർവേ റിപ്പോർട്ട്

ശക്തൻ മാർക്കറ്റ് പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ് നായകൾ
’ കെ എ നിധിൻ നാഥ്
Published on Jul 15, 2026, 12:05 AM | 1 min read
തൃശൂർ
നഗരപരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് കോർപറേഷന്റെ സർവേ റിപ്പോർട്ട്. കോർപറേഷൻ പരിധിയിൽ 5,205 തെരുവ് നായകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് 6,320 വരെയാകാമെന്നും സർവേയിലുണ്ട്. ഇവയിൽ 37ശതമാനം പെണ്ണാണ്. 16ശതമാനവും മുലയൂട്ടുന്നവയും. കോർപറേഷൻ പരിധിയിൽ ഓരോ 61പേർക്കും ഒരു തെരുവ് നായ എന്ന തോതിൽ ശല്യം രൂക്ഷമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ ഏഴ് നായകളുണ്ട്. ഒരു വാർഡിൽ മൂന്ന് തവണ വീതം സർവേ നടത്തിയാണ് നായകളുടെ എണ്ണം നിജപ്പെടുത്തിയത്. രാമവർമപുരം ഡിവിഷനിലാണ് ഏറ്റവും കൂടുതൽ തെരുവ് നായകളെ കണ്ടെത്തിയത്– 408 എണ്ണം. 13 എണ്ണമുള്ള ചെന്പൂക്കാവ്, വളർക്കാവ് എന്നിവടങ്ങളിലാണ് കുറവ്. തെരുവുനായകളിൽ 28ശതമാനത്തിനും ത്വക്ക് രോഗമുണ്ടെന്നാണ് കണ്ടെത്തൽ. അഞ്ച് ശതമാനത്തിന് മുറിവ്, മുടന്ത്, പകരുന്ന അസുഖങ്ങളുമുണ്ട്. 89ശതമാനം ഒരു വയസ്സിൽ കൂടുതലുള്ള വലിയ നായകളാണ്. നായകളിൽ 64ശതമാനത്തിനെയും വന്ധീകരിച്ചിട്ടുണ്ട്. ചിയ്യാരം സൗത്ത്, കോട്ടപ്പുറം വാർഡിൽ സർവേയിൽ കണ്ടെത്തിയ മുഴുവൻ നായകളും വന്ധീകരിക്കപ്പെട്ടതാണ്. തൈക്കാട്ടുശേരി, നെടുപുഴ എന്നിവടങ്ങളിൽ വന്ധീകരണം 15ശതമാനത്തിൽ താഴെ മാത്രമാണ്. തെരുവുനായ്ക്കളുടെ വർധനയിലുണ്ടാകുന്ന മനുഷ്യ-–മൃഗ സംഘർഷം ലഘൂകരിക്കുന്നതിന് ‘ഡോഗ് പോപ്പുലേഷൻ മാനേജ്മെന്റ്’ എന്ന ആഗോള രീതി അനുവർത്തിക്കണമെന്ന് സർവേ നിർദേശിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ 80 ശതമാനം നായ്ക്കളിൽ വന്ധ്യംകരണം നടത്താനുള്ള പ്രവർത്തനം നടത്തണം. തുടർന്നുള്ള വർഷങ്ങളിൽ തുടർനടപടികളും സ്വീകരിച്ചാൽ നായ്ക്കളുടെ എണ്ണത്തിൽ ക്രമേണ കുറയ്‌ക്കാം. മനുഷ്യ– തെരുവ്‌നായ സംഘട്ടനം കുറയ്‌ക്കാനുള്ള പ്രധാനവഴി നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുകയാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. കോർപറേഷന്റെ നേതൃത്വത്തിൽ നിർബന്ധിത മൃഗ രജിസ്ട്രേഷൻ ഡാറ്റാബേസ് ഉണ്ടാക്കണമെന്നും സർക്കാർ നിയമനിർമാണത്തിലൂടെ ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലന സംസ്‌കാരം സൃഷ്ടിക്കണമെന്നും സർവേ നിർദേശിച്ചിട്ടുണ്ട്. എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തെരുവുനായ ശല്യം ശാസ്‌ത്രീയമായി പരിഹരിക്കാനായതെന്ന് സർവേ പറയുന്നു. വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിന്റെ സഹകരണത്തോടെ അവരുടെ ഡാറ്റ ആപ്പ് ഉപയോഗിച്ചാണ് സർവേ നടത്തിയത്. കോർപറേഷനിലെ വാർഡ് പുനർനിർണയത്തിനുമുന്പുള്ള 55 വാർഡ് അടിസ്ഥാനപ്പെടുത്തിയാണ് സർവേ നടത്തിയത്.











0 comments