തൊഴിലുറപ്പ് പദ്ധതി മാർഗരേഖയിറങ്ങിയില്ല
പ്രതിസന്ധിയിലായത് 41.31 ലക്ഷം തൊഴിലാളികള്‍

കെ എൻ സനിൽ
Published on Apr 25, 2026, 12:23 AM | 1 min read
തൃശൂർ
ഭേദഗതിചെയ്‌ത തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കാത്തത് പ്രതിസന്ധിയാവുന്നു. പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് പണികൾ തുടങ്ങാൻ വൈകുന്നത് തൊഴിൽ ദിനങ്ങളെയും തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും. മഴക്കാലത്തിനുമുന്പ് നടത്തേണ്ട പൊതുഇടങ്ങളുടെ ശുചീകരണവും കുറ്റിക്കാടുകള്‍ നീക്കംചെയ്യല്‍ പ്രവൃത്തികളും അവതാളത്തിലാണ്. വേനൽ അവസാനിക്കുന്നതിന് മുന്പ് കാനകളിലേയും തോടു കളിലേയും മാലിന്യം നീക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും ഒഴിവാക്കുന്നതിന് ഇത് അനിവാര്യമാണ്. ഈ പ്രവൃത്തികളെയും കേന്ദ്രസർക്കാരിന്റെ മെല്ലെപ്പോക്ക് പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന വേനൽക്കാലത്ത് ഇത്തവണ കാര്യമായ ജോലികൾ നടത്താനായില്ല. തൊഴിലുറപ്പ് കൂലി ജനുവരി രണ്ടാംവാരം മുതല്‍ കുടിശ്ശികയാണ്. 27.14 കോടിയാണ് ജില്ലയിലെ ആകെ കുടിശ്ശിക. ഇത് ഏകദേശം നാല് ലക്ഷത്തിലേറെ തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കിയത്. 3.51 ലക്ഷം കുടുംബങ്ങളിലായി 4.31 ലക്ഷത്തോളം തൊഴിലാളികളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്. ഇവരിൽ 1.47 ലക്ഷം സജീവ കുടുംബങ്ങളും 1.63 ലക്ഷം സജീവ തൊഴിലാളികളുമാണ്. അവസാന മൂന്നുവർഷത്തിൽ ഒരു ദിവസമെങ്കിലും പണിയെടുത്തവരെയാണ് സജീവ അംഗങ്ങളായി പരിഗണിക്കുന്നത്. 2025–26 സാമ്പത്തിക വർഷം 68,035 കുടുംബങ്ങളിലായി 74,100 തൊഴിലാളികളാണ് പണിക്കിറങ്ങിയത്. പദ്ധതി പ്രകാരം 41,98,819 തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചു. ഒരു വർഷം 100 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുന്നതാണ് തൊഴിലുറപ്പുപദ്ധതി. ഇതുപ്രകാരം 2025–26 സാമ്പത്തിക വർഷം 100 ദിവസം പൂർത്തീകരിച്ചത് 21,730 കുടുംബങ്ങളാണ്.










0 comments