മരുന്നില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍

ജിബിന സാഗരന്‍
Published on Jun 20, 2026, 01:07 AM | 1 min read
തൃശൂര്‍
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നാണ് ഇല്ലാത്തത്. ഇതോടെ ജീവിതശൈലീ രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നവര്‍ ദുരിതത്തിലായി. ആരോഗ്യവകുപ്പിന്റെ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച സംഭവിച്ചതോടെ ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകൂടെ ലഭിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണമാക്കുക പ്രതിസന്ധിയിലാവും. രക്തസമ്മര്‍ദത്തിന് ടെല്‍മിസാര്‍ട്ടന്‍ എന്ന മരുന്നാണ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഈ മരുന്നിന്റെ വിതരണം കുറഞ്ഞതോടെ ടെല്‍മിസാര്‍ട്ടന് പകരം അമലോഡിപ്പിന്‍ രോഗികള്‍ക്ക് നല്‍കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരായി. ഇപ്പോഴിതും ലഭിക്കാത്ത സാഹചര്യമാണ്. പ്രമേഹത്തിനുള്ള മരുന്നും ലഭ്യമല്ല. ജീവിത ശൈലീരോഗങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്ന് മുന്‍കൂറായി നല്‍കിയിരുന്നതാണ്. എന്നാല്‍, അഞ്ചുദിവസത്തേക്കുള്ള മരുന്നുപോലും നല്‍കാനില്ലാത്ത സ്ഥിതിയാണ് നിലവില്‍. ചില ആശുപത്രികളില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മടങ്ങുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ മരുന്നുകള്‍ അടിയന്തരമായി ആശുപത്രികളില്‍ വിതരണം ചെയ്യാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.









0 comments