ad
Deshabhimani

വരയാണ് ചിന്നുവിന്റെ ലോകം

എംപോസ്‌ പെയിന്റിങ് മത്സരത്തിൽ ആലപ്പുഴ 
കൃഷ്‌ണപുരം മനോവികാസ്‌ കേന്ദ്ര ബഡ്‌സിലെ ചിന്നു

എംപോസ്‌ പെയിന്റിങ് മത്സരത്തിൽ ആലപ്പുഴ 
കൃഷ്‌ണപുരം മനോവികാസ്‌ കേന്ദ്ര ബഡ്‌സിലെ ചിന്നു

avatar
ജിബിന സാഗരന്‍

Published on Feb 14, 2026, 12:47 AM | 1 min read

തൃശൂര്‍

ചിന്നുവിന് 34 വയസ്സുണ്ട്. ഭാരം 20 കിലോയില്‍ താഴെയാണ്. തൊണ്ണൂറ് ശതമാനം അസ്ഥിവൈകല്യത്തിനൊപ്പം ബൗദ്ധികവെല്ലുവിളിയും നേരിടുന്നുണ്ട്. അതിനാല്‍ അമ്മ ചന്ദ്രിക‌യെപ്പോഴും ചിന്നുവിന്റെ കൂടെയാണ്‌. പരിമിതികള്‍ ഏറെയാണെങ്കിലും അതെല്ലാം ‌വരയിലൂടെയാണ്‌ ചിന്നു മറികടക്കുന്നത്. വരയോടുള്ള ഇഷ്‌ടത്തിന്റെ പിന്‍ബലത്തിലാണ് ആലപ്പുഴ കൃഷ്ണപുരത്തെ വാസയോഗ്യമല്ലാത്ത വീട്ടില്‍ നിന്ന് അമ്മയുടെ തോളിലിരുന്ന് ‌തൃശൂരിലെ സംസ്ഥാന ബഡ്സ് കലോത്സവ വേദിയിലേക്കെത്തിയത്. എംബോസ് പെയിന്റിങ്ങിലാണ് മത്സരിച്ചത്. ഒരു മാസം മുമ്പാണ് കൃഷ്ണപുരം മനോവികാസ് കേന്ദ്ര ബഡ്സ് സ്പെഷ്യല്‍ സ്കൂളിലേക്ക് ചിന്നുവെത്തിയത്. ആ ദിവസം തന്നെ എംബോസ് പെയിന്റിങ്ങില്‍ പരിശീലനം ലഭിച്ചു. ഒറ്റത്തവണ ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ ബഡ്സ് കലോത്സവത്തില്‍ മത്സരിച്ച് എംബോസ് പെയിന്റിങ്ങില്‍ ഒന്നാമതെത്തി. അങ്ങനെ കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്കുമെത്തി. കൃഷ്ണപുരത്ത് അശ്വതി ഭവനില്‍ അമ്മയ്ക്കും അച്ഛന്‍ വിശ്വനാഥനുമൊപ്പമാണ് ചിന്നുവിന്റെ താമസം. സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനാണ് കുടുംബത്തിന്റെ ഏക സ്ഥിരവരുമാനം. ചിന്നുവിന് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷനും വിശ്വനാഥനും ചന്ദ്രികയ്ക്കും വാര്‍ധക്യകാല പെന്‍ഷനുമാണ് ലഭിക്കുന്നത്. ഇടയ്ക്ക് ചന്ദ്രിക തൊഴിലുറപ്പ് ജോലിക്കും പോകാറുണ്ട്.‌ കാലപ്പഴക്കമേറെയുള്ള വീട് വാസയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. നിലവിലുള്ള വീടിന്റെ തിണ്ണ കല്ലുകൊണ്ടാണ്‌ നിർമ്മിച്ചിട്ടുള്ളത്‌. ഇത് ചിന്നുവിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പഞ്ചായത്തില്‍ പുതിയ വീടിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അതുലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിന്നുവും കുടുംബവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home