ad
Deshabhimani

കുഴൽപ്പണവും കള്ളനോട്ടും വേണ്ട; ഇഡിക്ക്‌ ഇരട്ടത്താപ്പ്‌

വെബ് ഡെസ്ക്

Published on Jul 16, 2026, 11:53 PM | 1 min read

തൃശൂർ

കൊടകരയിലെ ബിജെപി കുഴൽപ്പണക്കേസിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുമാറ്‌ കോടികളുടെ കള്ളപ്പണ ഇടപാട്‌ നടന്നിട്ടും കേന്ദ്ര എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷണം മുക്കി. പ്രതികളെ രക്ഷിക്കാൻ കള്ളക്കഥകളും രചിച്ചു. കൊടുങ്ങല്ലൂരിൽ ബിജെപിയുടെ കള്ളനോട്ടടിക്കേസിലും യാതൊരു അന്വേഷണം നടത്തിയില്ല. എന്നാൽ കരുവന്നൂർ ബാങ്ക്‌ കേസിൽ കഴിഞ്ഞ സംസ്ഥാന സർക്കാർ കൃത്യമായ നടപടി സ്വീകരിച്ചിട്ടും വീണ്ടും ഇഡി അന്വേഷണത്തിനെത്തി. ബിജെപിയുടെ നിർദേശപ്രകാരം ചരിത്രത്തിൽ ഇല്ലാത്തവിധം സിപിഐ എമ്മിനെ പ്രതിയാക്കി വേട്ടയാടുകയാണ്‌. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി എത്തിച്ച മൂന്നരകോടി കുഴൽപ്പണം കൊടകരയിൽ വെച്ച്‌ കവർച്ച ചെയ്യപ്പെട്ടിരുന്നു. കേസ്‌ അന്വേഷിച്ച കേരള പൊലീസ്‌ പ്രതികളെ അറസ്‌റ്റ്‌ചെയ്‌തു. തുടരന്വേഷണത്തിൽ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലായി 53.4 കോടി കുഴൽപ്പണം കടത്തിയതായി കണ്ടെത്തി. കെ സുരേന്ദ്രൻ ഉൾപ്പടെ ബിജെപി ഉന്നത നേതാക്കളുടെ നിർദേശത്താടെയാണ്‌ പണമിടപാട്‌ നടന്നതെന്നും കണ്ടെത്തി. കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ പൊലീസിന്‌ അധികാരമില്ലാത്തതിനാൽ വിശദമായ റിപ്പോർട്ട്‌ ഇഡിക്ക്‌ കൈമാറി. കള്ളപ്പണ ഇടപാടുകാരുമായുള്ള ബിജെപി നേതാക്കളുടെ കോൾ ലിസ്‌റ്റും കൈമാറി. എന്നാൽ പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ ഇഡി തയ്യാറായില്ല. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത്‌ കോടി രൂപയുടെ കള്ളപ്പണം ഇറക്കിയതിന്‌ താൻ സാക്ഷിയാണെന്ന്‌ ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീഷ്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശം പൊലീസ്‌ കൈമാറിയിട്ടും സതീഷിന്റെ മൊഴിയെടുക്കാൻ ഇഡി തയ്യാറായില്ല. ബിജെപി നേതാക്കളെ രക്ഷിക്കാനായി കവർച്ചാ കേസിലെ പ്രതികളെ വീണ്ടും പ്രതിയാക്കി കേസൊതുക്കി. കൊടുങ്ങല്ലൂരിൽ കള്ളനോട്ട് കണ്ടെടുത്ത കേസിൽ ബിജെപിക്കാരായ എരാശേരി രാകേഷ്, സഹോദരൻ രാജീവ്, കോന്നംപറമ്പിൽ ജിത്തു എന്നിവർ അറസ്റ്റിലായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന്‌ കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. എന്നാൽ ഇ‍ൗ കേസിൽ ഇഡി അന്വേഷണം പോലും നടത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home