പുതുക്കിയ സംസ്ഥാന ബജറ്റ്
പദ്ധതികൾ പേരിനുമാത്രം

പ്രത്യേക ലേഖകൻ
തൃശൂർ
യുഡിഎഫ് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ തൃശൂരിന് പുതിയതായി കാര്യമായൊന്നും ലഭിച്ചില്ല. പേരിനു ചില പദ്ധതികളൊഴിച്ചാൽ ഇക്കഴിഞ്ഞ ജനുവരിയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പദ്ധതികൾ മാത്രമാണ് തൃശൂരിനുള്ളത്. ഒന്പതുപദ്ധതികൾ മാത്രമാണ് തൃശൂരിന് പുതിയ ബജറ്റിലുള്ളത്. തൃശൂർ മെഡിക്കൽ കോളേജിന് കോൺസ്‌റ്റിറ്റ്യുവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്‌സിറ്റി പദവി, തേക്കിൻകാട് നവീകരണത്തിന് 10 കോടി, ജോൺസൻമാസ്‌റ്റർ മ്യൂസിക് അക്കാദമിക്ക് 5 കോടി, പനന്പിള്ളി ഗോവിന്ദ മേനോൻ സ്‌മാരകത്തിന് ഒരുകോടി, അതിരപ്പിള്ളിയിൽ വൈദ്യുതാലങ്കാരത്തിന് അഞ്ചുകോടി, ചാലക്കുടിയിൽ റവന്യു ടവർ, തൃശൂർ–കൊച്ചി സ്വർണ ഹബ്, മുസിരിസ് പദ്ധതിക്ക്(തൃശൂർ, എറണാകുളം ജില്ലകളിലായി) 19 കോടി എന്നിവയാണ് ബജറ്റിൽ തൃശൂർ ജില്ലയ്‌ക്കായുള്ള പദ്ധതികൾ. കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ മാത്രമാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. പശ്ചാത്തല വികസനം, സാംസ്‌കാരികം, കായികം, ആരോഗ്യം മേഖലകളിൽ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ അവതരിപ്പിച്ച പദ്ധതികൾ മാത്രമാണ് ഇപ്പോഴുമുള്ളത്. സമീപകാലത്ത് തൃശൂരിന്റെ വികസനരംഗം കണ്ട ഏറ്റവും വലിയ പദ്ധതിയായ പുത്തൂരിലെ സുവോളജിക്കൽ പാർക്കിന് പുതുക്കിയ ബജറ്റിൽ അധികമായൊന്നും വകയിരുത്തിയില്ല. കെ എൻ ബാലഗോപാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ സുവോളജിക്കൽ പാർക്കിന് ആറുകോടി രൂപ വകയിരുത്തിയിരുന്നു. കേരള കാർഷിക സർവകലാശാല, കില, മാരിടൈം കാമ്പസ്, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ, സാംസ്‌കാരിക സ്ഥാപനങ്ങൾ, കെഎസ്‌എഫ്ഇ, തീരസംരക്ഷണം എന്നിവയ്‌ക്കും പുതിയ പദ്ധതികളോ കൂടുതൽ വകയിരുത്തലുകളോ ഇല്ല.










0 comments