പഞ്ചായത്തിലെ ശുചീകരണത്തിൽ അഴിമതിയെന്ന് ആരോപണം
കറുകുറ്റിയിൽ പ്രസിഡന്റും മെമ്പറും ഏറ്റുമുട്ടി

കറുകുറ്റി പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രസിഡന്റ് ബാബു സാനിയും മെമ്പർ ആന്റണി പാലാട്ടിയും ഏറ്റുമുട്ടിയപ്പോൾ
അങ്കമാലി
യുഡിഎഫ് നേതൃത്വത്തിലുള്ള കറുകുറ്റി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായത് സംബന്ധിച്ച് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ആരോഗ്യ ജീവനക്കാരുടെയും യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയും ഭരണകക്ഷി അംഗമായ ആന്റണി പാലാട്ടിയും തമ്മിലടിച്ചു.
ശുചീകരണ പ്രവർത്തനങ്ങളുടെ മറവിൽ വൻ അഴിമതി നടക്കുകയാണെന്നും വേണ്ടത്ര പരിശോധന ഇല്ലാതെ പണം അനുവദിക്കുകയാണെന്നും ആന്റണി പാലാട്ടി ചുണ്ടിക്കാട്ടിയതാണ് കൈയാങ്കളിയിലെത്തിച്ചത്.
മറ്റ് ജനപ്രതിനിധികൾ ഇടപെട്ട് സംസാരിച്ചെങ്കിലും വെല്ലുവിളിച്ചും അസഭ്യം പറഞ്ഞും ഇരുവരും ഏറ്റുമുട്ടി.
പഞ്ചായത്ത് കോമ്പൗണ്ടിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി അയ്യപ്പനും ജനപ്രതിനിധികളും നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം. പഞ്ചായത്തിൽ കോൺഗ്രസിന് തുടർച്ചയായി ഭരണം ലഭിച്ചത് തങ്ങൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസായി അവർ കരുതുകയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാക്കളായ കെ പി അനീഷും കെ കെ ഗോപിയും പറഞ്ഞു.
പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായിട്ടും യോഗംപോലും ചേരാൻ കഴിയാത്തതരത്തിൽ കോൺഗ്രസ് തമ്മിലടിക്കുകയാണ്. യുഡിഎഫ് ഭരണസമിതിയുടെ ജനദ്രോഹ നടപടികൾക്കെതിരെ തിങ്കൾ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കും.








0 comments