ad
Deshabhimani

ചെത്തുതൊഴിലാളികൾ 
വിപ്ലവ മണ്ണാക്കിയ മണലൂർ

avatar
ജിബിന സാഗരന്‍

Published on Mar 14, 2026, 12:51 AM | 1 min read

തൃശൂര്‍

മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ സമ്പന്നഭൂമിയായ മണലൂരിനെ വിപ്ലവ മണ്ണാക്കിയത് ചെത്തുതൊഴിലാളികളുടെ സമരവീര്യമാണ്. കാര്‍ഷിക മുന്നേറ്റങ്ങളും വികസന കുതിപ്പും ഒരുപോലെ ഇണങ്ങുന്ന നാടായി മണലൂര്‍ മാറി. കോള്‍കൃഷിപ്പാടങ്ങളും ഇരിപ്പുനിലങ്ങളും തെങ്ങിന്‍തോപ്പും നിറഞ്ഞ നാട്ടില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ മണ്ണാണ്‌. കള്ളുചെത്തും കൃഷിയുമാണ് പ്രധാന തൊഴില്‍. ശ്രീനാരായണഗുരു വിളക്ക്‌ പ്രതിഷ്‌ഠിച്ച കാരമുക്ക്‌ ക്ഷേത്രവും പാവറട്ടി പള്ളിയും മസ്‌ജിദുകളും ഉള്‍പ്പെടുന്ന മണ്ഡലം മതസൗഹാര്‍ദത്തിന് പേരുകേട്ട നാടാണ്. കോവിലന്റെ തട്ടകവും ഇ‍ൗ മണ്ഡലത്തിലാണ്‌. ഐക്യകേരളപ്പിറവിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായ പ്രൊഫ. ജോസഫ് മുണ്ടശേരിയെ വിജയിപ്പിച്ച മണ്ഡലമാണിത്‌. 2006ല്‍ സിപിഐ എമ്മിന്റെ മുരളി പെരുനെല്ലിയിലൂടെയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. 2016ല്‍ 19325 വോട്ടുകളുടെയും 2021ല്‍ 29876 വോട്ടുകളുടെയും ഭൂരിപക്ഷത്തില്‍ മുരളി പെരുനെല്ലി തന്നെ വിജയിച്ചു. 10 വര്‍ഷത്തിനിടെ മണ്ഡലത്തിൽ നടന്നത് സമാനതകളില്ലാത്ത വികസനങ്ങളാണ്. 2000 കോടി രൂപയുടെ വികസന പദ്ധതികളാണ് മുരളി പെരുനെല്ലി എംഎല്‍എയുടെ നേതൃത്വത്തിൽ മണ്ഡലത്തില്‍ നടന്നത്. സമസ്തമേഖലകളെയും സ്പര്‍ശിച്ച വികസനക്കുതിപ്പ് ജില്ലയ്ക്ക് തന്നെ മാതൃകയാണ്. കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതായിരുന്നു മണലൂരിൽ നെൽക്കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ശാശ്വതമായി പരിഹരിച്ചു. കോടികള്‍ ചെലവഴിച്ച് രണ്ട് കൂറ്റൻ റെഗുലേറ്ററുകള്‍ നിര്‍മിച്ചു. പഴക്കം ചെന്ന ഷട്ടറുകൾ മാറ്റി സ്ഥാപിക്കാന്‍ ഏനാമാവ് റെഗുലേറ്ററിന് എട്ട് കോടി രൂപയും ഇടിയഞ്ചിറ റെഗുലേറ്ററിന് അഞ്ച് കോടി രൂപയും അനുവദിച്ചു. ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നിർമാണം മാർച്ച് പകുതിയോടെ പൂർത്തിയാകും. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന വിദ്യാലയങ്ങൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വികസനപ്പാതയിലാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പാതിവഴിയിൽ നിലച്ച ഏനാമാവ് നെഹ്റു പാർക്ക് പൂര്‍ത്തിയാക്കി. ആ പാര്‍ക്ക്‌ ഇന്ന് മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. മണലൂരിനെ സമ്പൂര്‍ണ വികസിത മണ്ഡലമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ജനപങ്കാളിത്തത്തോടെ ഇവിടെ നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home