ad
Deshabhimani

നെൽവിത്ത്​ വിതയ്ക്കാൻ 
ഇനി ഡ്രോണും

കുമ്പളങ്ങി പൊക്കാളി പാടത്ത് ഡ്രോൺ ഉയോഗിച്ച് വിത്ത് വിതയ് ക്കുന്നു

കുമ്പളങ്ങി പൊക്കാളി പാടത്ത് ഡ്രോൺ ഉയോഗിച്ച് വിത്ത് വിതയ് ക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2025, 01:42 AM | 1 min read

തൃശൂർ

പാടത്തെ ചെളിയിലൂടെയും വെള്ളത്തിലൂടെയും നടന്ന് നെൽവിത്ത് വിതച്ച് ബുദ്ധിമുട്ടേണ്ട. ഇനി ഡ്രോൺ പറന്നെത്തും. കൊച്ചി കുമ്പളങ്ങിയിലെ ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പൊക്കാളി പാടങ്ങളിലാണ്​ വിത്തെറിയാൻ ഡ്രോൺ എത്തിയത്​. കാർഷിക സർവകലാശാലയാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചത്. കുമ്പളങ്ങിയിലെ ആദ്യ പരീക്ഷണം വിജയകരമായി.ലോകബാങ്കിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക സർവകലാശാലയുടെ കീഴിലെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലാണ് നൂതന ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇൻക്യൂബോർ വഴി പരിശീലനം നേടിയ പുതുതലമുറ സ്റ്റാർട്ടപ്പായ ഫ്യൂസിലേജ് ഇന്നോവേഷനും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. കൃഷിവകുപ്പുമായി സഹകരിച്ചാണ് പാടത്ത് പരീക്ഷണം നടത്തിയത്. 10 കിലോയോളം വിത്ത് വിതയ്ക്കാൻ ശേഷിയുള്ള ഡ്രോൺ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. മുള പൊട്ടിത്തുടങ്ങിയ വിത്തുകളാണ് അഭികാമ്യം. ഒരേക്കർ പാടത്ത് വിത്ത് വിതയ്ക്കാൻ 20 മുതൽ 25 മിനിറ്റ് സമയമാണ് വേണ്ടിവരുന്നത്. സാധാരണ രീതിയിൽ ഒരേക്കറിൽ വിത്ത് വിതയ്ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ 10 കിലോ വരെ വിത്ത് ലാഭിക്കാനാവുന്നു. മാത്രമല്ല, കൃത്യതയാർന്ന നിരകളിൽ വിത്ത് വളരുകയും ചെയ്യുന്നു. വിതക്കലിന് ശേഷം 10, 15, 25 ദിവസങ്ങളിൽ പരിശോധിച്ച്​ നെല്ലിന്​ കൂടുതൽ ഏകീകൃത വളർച്ചയുണ്ടെന്ന്​​ ഉറപ്പുവരുത്തിയതായി കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ പി സുധീർ വ്യക്തമാക്കി. ഡ്രോണിന്റെ ശേഷി വർധിപ്പിക്കുന്നതിലൂടെ ആവശ്യമായ സമയം ഇനിയും ലഘൂകരിക്കാനാകും. കൂടുതൽ ശേഷിയുള്ള ഡ്രോണിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ്. സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ നെൽകൃഷി മേഖലയിലെ കർഷകരുടെ അധ്വാനഭാരം കുറയ്ക്കുന്നതിനുള്ള സർവകലാശാലയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് വിത്ത് വിതയ്ക്കുന്നതിനുള്ള ഡ്രോണുകൾ പരീക്ഷിക്കുന്നത്. ഡ്രോൺ പറത്താൻ പരിശീലിപ്പിച്ച് ലൈസൻസ്​ നൽകിവരുന്നതായും ഡോ. കെ പി സുധീർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home