Deshabhimani

എംപിയുടെ വാക്ക് പാഴ്‌വാക്ക്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ വരുമ്പോഴുള്ള തിരക്ക്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ വരുമ്പോഴുള്ള തിരക്ക്

വെബ് ഡെസ്ക്

Published on Nov 04, 2026, 12:18 AM | 1 min read

പുതുക്കാട്

നിരവധി യാത്രക്കാരുടെ ആശ്രയമായ പുതുക്കാട് റെയിൽവേ സ്റ്റേഷൻ അവഗണനയുടെ പാളങ്ങളിൽ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുമെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രഖ്യാപിച്ചെങ്കിലും നടപടികൾ ആയിട്ടില്ല. കോവിഡ് കാലത്ത് നിർത്തലാക്കിയ മധുര–ഗുരുവായൂർ എക്സ്പ്രസിന്റെ സ്റ്റോപ്പ് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ്‌, പാലക്കാട്–തൂത്തുകുടി- പാലരുവി, ഗുരുവായൂർ–-ചെന്നൈ എഗ്‌മോർ തുടങ്ങിയ ട്രെയിനുകൾക്ക് പുതുക്കാട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചിച്ചിട്ടില്ല. റെയിൽവേ മേൽപ്പാലത്തിന് എൽഡിഎഫ് സർക്കാർ കിഫ്‌ബിയിൽ തുക അനുവദിച്ചിരുന്നു. ഇപ്പോൾ അധിക തുക ആവശ്യമായി വന്നിരിക്കുകയാണ്. എന്നാൽ കിഫ്ബി നിർത്തലാക്കുമെന്ന യുഡിഎഫ് സർക്കാർ നിലപാട് റെയിൽവേ മേൽപ്പാല നിർമാണത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്‌. മേൽപ്പാല നിർമാണം നീണ്ടുപോകുന്നതിനാൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കലും പ്രതിസന്ധിയിലാകും. റെയിൽവേ ഉടമസ്ഥതയിൽ കൂടുതൽ സ്ഥലം ഉള്ളതിനാൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇവിടം അനുയോജ്യമാണ്. മാത്രമല്ല തൃശൂരിന്റെ സാറ്റലൈറ്റ് സ്‌റ്റേഷനായി വളർത്താൻ സാധ്യമായ സ്‌റ്റേഷനുമാണ് പുതുക്കാട്. വലിയ വികസന സാധ്യതയുള്ള സ്റ്റേഷൻ എംപിയുടെയും കേന്ദ്ര സർക്കാരിന്റെയും അവഗണനയിൽ ശ്വാസംമുട്ടുമ്പോൾ നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധം ശക്തമാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home