ജില്ലയിൽ മലേറിയ ബാധിച്ചത് 7 പേർക്ക്

തൃശൂർ
ജില്ലയിൽ ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 7 മലേറിയ കേസുകൾ. മലമ്പനി ബാധിതരിലേറെയും ഇതരസംസ്ഥാനക്കാരാണ്. മാള, അവണൂർ, കോലഴി, കൈപ്പറമ്പ്, തോളൂർ, മതിലകം എന്നിവിടങ്ങളിലാണ് മലേറിയ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതരസംസ്ഥാനക്കാർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പുകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം ഈ സമയം മൂന്ന് കേസ് മാത്രമായിരുന്നു ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ ജില്ലയിൽ മലമ്പനി ഭീഷണി കുറവാണ്. കേരളത്തിൽ 2017 മുതൽ മലമ്പനി നിർമാർജന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, ഒഡീഷ, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രേദശ് എന്നിവിടങ്ങളിലാണ് മലമ്പനി ഭീഷണി കൂടുതലുള്ളത്. പ്ലാസ്മോഡിയം പാരസൈറ്റുകൾ പരത്തുന്ന മലമ്പനി (മലേറിയ) മരണത്തിന് ഇടയാക്കുന്നതാണ്. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാറം, പ്ലാസ്മോഡിയം മലേറിയേ, പ്ലാസ്മോഡിയം ഒവേയിൽ എന്നിങ്ങനെ നാല് തരം മലമ്പനികളുണ്ട്. ഇതിൽ ആദ്യ രണ്ടുവിഭാഗം മാത്രമാണ് കേരളത്തിലുള്ളത്. ജീവന് ഭീഷണിയുയർത്തുന്ന മലമ്പനിയും ഇവയാണ്. പ്ലാസ്മോഡിയം പാരസൈറ്റ് എന്ന രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെൺകൊതുകിന്റെ കടിയേൽക്കുന്നത് മൂലമാണ് രോഗം പകരുന്നത്. കടിയേറ്റ് എട്ടുമുതൽ 30 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തലവേദന, ഇടവിട്ടുള്ള കടുത്തപനി, വിറയലോട് കൂടിയ പനി, പേശീവേദന, ക്ഷീണം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മഞ്ഞപ്പിത്തം, മസ്തിഷ്കജ്വരം, വൃക്കകൾക്ക് തകരാറ് എന്നിവയുണ്ടാകും. കരളിനെയും തലച്ചോറിനെയും ബാധിച്ച് മരണംവരെ സംഭവിക്കാം. മലമ്പനി തടയാം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പാത്രങ്ങളിലും കുപ്പികളിലും വീട്ടുപരിസരത്തും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. കിണറും വാട്ടർ ടാങ്കുകളും വലകൊണ്ട് മൂടിവയ്ക്കുക. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക.










0 comments