ad
Deshabhimani

തന്ത്രിമാരുടെ നിസ്സഹകരണം 
ദൗർഭാഗ്യകരം: ദേവസ്വം ഭരണസമിതി

വെബ് ഡെസ്ക്

Published on Apr 14, 2026, 12:22 AM | 1 min read

ഇരിങ്ങാലക്കുട

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽനിന്ന് ക്ഷേത്രത്തിലെ ചില തന്ത്രിമാർ വിട്ടു നിൽക്കുന്നത് നിർഭാഗ്യകരമെന്ന് ദേവസ്വം ഭരണസമിതി. ക്ഷേത്രോത്സവത്തിൽ തന്ത്രിമാരുടെ നിസ്സഹകരണം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ് മുഖേന കഴകക്കാരനെ നിയമിച്ചതിനുശേഷമാണ് തന്ത്രിമാർ നിസ്സഹകരണം തുടങ്ങിയത്. ഈഴവനായ കഴകക്കാരനെ പ്രവൃത്തിയിൽനിന്ന് മാറ്റി നിർത്തിയതിനെ ത്തുടർന്നാണ് 2025 ലെ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ഈ തന്ത്രിമാർ തയ്യാറായത്. അന്നത്തെ കഴകക്കാരൻ ജോലി രാജിവച്ചു. പുതിയതായി നിയമനം ലഭിച്ച കഴകക്കാരനും ഈഴവ സമുദായ അംഗമായിരുന്നു. ഇതോടെ തന്ത്രിമാർ നിസ്സഹകരണം തുടങ്ങി. തുടർന്നുള്ള ക്ഷേത്രാചാര ചടങ്ങുകളിലൊന്നും പങ്കെടുത്തില്ല. സഹകരിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ഭരണസമിതി നൽകിയ കത്തുകൾക്ക് നിഷേധ മറുപടികളാണ് നൽകിയത്. നിസ്സഹകരണത്തിന് കാരണം ജാതിവിവേചനമാണെങ്കിൽ തുറന്നു പറയണം. തന്ത്രിമാരെന്ന പേരിൽ ചിലർ നൽകുന്ന പത്രവാർത്തകൾ അസത്യവും വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ക്ഷേത്രം തന്ത്രിയായ വെളുത്തേടത്ത് തരണനെല്ലൂർ മന പത്മനാഭൻ നമ്പൂതിരിപ്പാടും അനി പ്രകാശ് നമ്പൂതിരിപ്പാടുമാണ് നിലവിൽ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നത്. ഇവരുടെ കാർമികത്വത്തിൽ ഉത്സവ ചടങ്ങുകൾ നടത്തുന്നതിന് മാനേജിങ് കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവർക്ക്‌ തടസ്സം സൃഷ്ടിക്കുന്ന നീക്കങ്ങളുണ്ടായാൽ ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌ ദേവസ്വം അധികൃതർ അറിയിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ ജി അജയകുമാർ, മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home