മെയ്ദിനം
നാടാകെ ഇന്ന് റാലികൾ

ഉരുകിയൊരുക്കുന്നവർ... റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാക് മെയ്ന്റനൻസ് തൊഴിലാളികൾ തൃശൂരിൽ നിന്നുള്ള കാഴ്ച / ഫോട്ടോ എം എ ശിവപ്രസാദ്
തൃശൂർ
മെയ്‌ദിനത്തിൽ ജില്ലയിലെ 17 ഏരിയ കേന്ദ്രങ്ങളിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടക്കും. അമേരിക്കയും ഇസ്രയേലും പശ്ചിമേഷ്യയിൽ സൃഷ്ടിച്ചിരിക്കുന്ന യുദ്ധസാഹചര്യത്തിൽ ഈ വർഷത്തെ മെയ്‌ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വിവിധ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളും ലേബർ കോഡുകൾ നടപ്പാക്കിയതിനെ തുടർന്ന് മിനിമം വേതനം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾ മാറ്റിമറിച്ച പ്രത്യേക സാഹചര്യം സൃഷ്‌ടിച്ചുവെന്ന് ട്രേഡ്‌യൂണിയൻ സംയുക്ത സമിതി പറഞ്ഞു. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ സ്വമേധയാ പണിമുടക്കിയ തൊഴിലാളികളെ ക്രൂരമായി അടിച്ചമർത്തുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ വർധിച്ച പങ്കാളിത്തത്തോടെ മെയ്‌ദിന റാലിയും പൊതുയോഗവും നടത്തും. തൃശൂരിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണനും കൊടകരയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫും ഒല്ലൂരിൽ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രനും ഉദ്‌ഘാടനം ചെയ്യും. വടക്കാഞ്ചേരിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ്, ചാവക്കാട്ട് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, പുഴയ്‌ക്കലിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി എന്നിവർ ഉദ്‌ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ വി ഇഖ്ബാൽ കൊടുങ്ങല്ലൂരിലും എൻ കെ അക്ബർ കുന്നംകുളത്തും ഉല്ലാസ് കളക്കാട്ട് മാളയിലും ഷീല അലക്സ് ചേലക്കരയിലും ഉദ്‌ഘാടനം ചെയ്യും. ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എം കെ തങ്കപ്പൻ ചാലക്കുടി, എച്ച്എംകെപി സംസ്ഥാന കമ്മിറ്റിയംഗം വി എൻ ബാഹുലേയൻ മണലൂർ, എച്ച്എം എസ് ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ജോഷി നാട്ടിക, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ഇരിങ്ങാലക്കുട, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ കൃഷ്ണൻ ചേർപ്പ്, എഐടിയുസി ജില്ലാ പ്രസിഡന്റ് വി എസ് പ്രിൻസ് മണ്ണുത്തി എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്യും.











0 comments