വീണ്ടും പാചകവാതക വില വർധന
പട്ടിണി, പ്രതിസന്ധി

തൃശൂർ
കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച പാചകവാതക നിയന്ത്രണത്തെത്തുടർന്ന് നിലനിൽപ്പ് ഭീഷണി നേരിടുന്ന ഹോട്ടൽ, കാറ്ററിങ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് വാണിജ്യ സിലിണ്ടറുകൾക്ക് വീണ്ടും വില വർധിപ്പിച്ചു. ഒരു സിലിണ്ടറിന് 46 രൂപയോളമാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3142 രൂപയായി. ഏപ്രിലിൽ ഒറ്റയടിക്ക് 993 രൂപ കൂട്ടിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പാചകവാതക പ്രതിസന്ധിയെത്തുടർന്ന് തകർച്ചയിലായ ഹോട്ടൽ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് തുടർച്ചയായുള്ള ഗ്യാസ് വില വർധന. ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, തട്ടുകടകൾ തുടങ്ങിയവ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. പല ഹോട്ടലുകൾക്കും വരുമാനം പാചകവാതകത്തിന് പോലും തികയാത്ത സ്ഥിതിയാണ്. ചെറിയ ഹോട്ടലിൽ ഒരു ദിവസം മൂന്ന് സിലിണ്ടർ വരെ ആവശ്യമാണ്. ഇടത്തരം ഹോട്ടലുകൾക്ക് ഇത് അഞ്ചുവരെയും വലിയ ഹോട്ടലുകൾക്ക് 10ന് മുകളിലും ആവശ്യമായി വരും. ചായയ്‌ക്കും ഭക്ഷണ സാധനങ്ങൾക്കും വില വർധിപ്പിക്കുക മാത്രമാണ് ഹോട്ടലുകൾക്ക് മുന്നിലുള്ള ഏക പോംവഴി. എന്നാൽ, 30 മുതൽ 50 ശതമാനം വരെയെങ്കിലും വില വർധിപ്പിച്ചാലേ പാചകവാതക വിലവർധനയുടെ ഭാരം ഒഴിവാക്കാനാവൂ. എന്നാൽ, ഇത്രയും വില വർധിപ്പിച്ചാൽ സാധാരണക്കാരും ഇടത്തരക്കാരും ഹോട്ടലുകൾ ഒഴിവാക്കുകയും ഇൗ മേഖലയുടെ തകർച്ചയ്‌ക്ക് ഇടയാക്കുകയും ചെ യ്യും. ഇൗ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളും ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരും ഇതോടെ പെരുവഴിയിലാകും. ഗ്യാസ് വിലവർധനയെത്തുടർന്ന് ഏപ്രിലിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളുടെ വില വർധിപ്പിച്ചിരുന്നു. ഇനിയുമൊരു വിലവർധന സാധാരണക്കാർക്ക് താങ്ങാനാവില്ല.










0 comments