ad
Deshabhimani

ഐ എം വിജയൻ 
വീണ്ടും ബൂട്ടണിയുന്നു

.

ലാലൂർ ഐ എം വിജയൻ അന്താരാഷ്‌ട്ര സ്‌പോർട്‌സ്‌ കോംപ്ലക്‌സിന്‌ മുന്നിൽ ഐ എം വിജയൻ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Oct 30, 2025, 12:42 AM | 1 min read


തൃശൂർ

തൃശൂരിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ കൂടുതൽ കരുത്തുപകരുന്ന നിമിഷത്തിന്‌ ആവേശം പകരാൻ ഐ എം വിജയൻ വീണ്ടും കളിക്കളത്തിലിറങ്ങുന്നു. ലാലൂർ ഐ എം വിജയൻ അന്താരാഷ്‌ട്ര സ്‌പോർട്‌സ്‌ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ്‌ നാട്ടുകാർക്ക്‌ മുന്നിൽ കാൽപ്പന്താരവം തീർക്കാൻ ഐ എം വിജയൻ എത്തുന്നത്‌. തിങ്കളാഴ്‌ച നടക്കുന്ന ഉദ്‌ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ്‌ ഐ എം വിജയന്റെ ടീമും റെസ്റ്റ്‌ ഓഫ്‌ കേരള സ്റ്റാഴ്‌സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്‌ബോൾ താരങ്ങൾ ഐ എം വിജയൻ നേതൃത്വം നൽകുന്ന ടീമിലും കേരളത്തിലെ മറ്റു താരങ്ങൾ എതിർ ടീമിലും അണിനിരക്കും. സ്‌പോർട്‌സ്‌ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. പകൽ മൂന്നിന്‌ കലാജാഥയും തുടർന്ന്‌ കോർപറേഷൻ പരിധിയിലെ കായിക പ്രതിഭകളെ ആദരിക്കുകയും ചെയ്യും. വൈകിട്ട്‌ റാപ്പർ വേടൻ അവതരിപ്പിക്കുന്ന സംഗീതനിശയും നടക്കും. നാല്‌ ഏക്കർ ഭൂമിയിൽ കിഫ്ബിയുടെ 70.56 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ്‌ സ്‌പോർട്സ്‌ കോംപ്ലക്‌സ്‌ നിർമാണം പൂർത്തിയാക്കിയത്‌. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ ടർഫ്‌, 2000 പേർക്കിരിക്കാവുന്ന ഗ്യാലറി, വോളിബോൾ–ബാസ്‌കറ്റ്‌ബോൾ, ടെന്നീസ്‌ കോർട്ടുകൾ, സ്വിമ്മിങ്‌ പൂൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌. കോര്‍പറേഷനും സംസ്ഥാന സ്‌പോര്‍ട്സ് ക‍ൗണ്‍സിലും ചേർന്നാണ്‌ സ്‌പോര്‍ട്സ് കോംപ്ലക്‌സ്‌ നിർമിച്ചത്‌. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി വ്യാഴാഴ്‌ച പാവറട്ടി കോർപറേഷൻ മൈതാനത്ത്‌ ഫ്ലഡ്‌ലിറ്റ്‌ ഫുട്‌ബോൾ ടൂർണമെന്റ്‌ നടക്കും. വെള്ളി വൈകിട്ട്‌ തേക്കിൻകാട്‌ മൈതാനത്ത്‌ ‘സ്‌കോർ ദി ഗോൾ’ പെനാൽറ്റി ഷൂട്ട‍ൗട്ട്‌ മത്സരവും ശനിയാഴ്‌ച രാവിലെ മാരത്തോണും നടക്കും. ഞായറാഴ്‌ച സൈക്കിൾത്തോണും സ്വരാജ്‌ റ‍ൗണ്ടിൽ വിളംബര ഘോഷയാത്രയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home