കഞ്ചാവ് കടത്ത്: രണ്ടുപേരെ പിടികൂടി

മാടപ്രാവ് അനൂപ്, പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ കനോലി കനാലില്‍ ചാടിയ ആന്റണി പരിക്കേറ്റ് കനാലില്‍
ചാവക്കാട്
ഒഡീഷയില്‍നിന്ന് കാറിൽ കടത്തിയ 21.5 കിലോ കഞ്ചാവുമായി ചാവക്കാട് പുതിയ പാലത്തിനടുത്ത്‌വെച്ച് രണ്ടുപേരെ ഡാന്‍സാഫ് സ്‌ക്വാഡും ചാവക്കാട് പൊലീസും ചേര്‍ന്ന് പിടികൂടി. തൃശൂര്‍ കല്ലൂര്‍ മുട്ടിത്തടി തയ്യില്‍ വീട്ടില്‍ അനൂപ് (40–മാടപ്രാവ്), കൊല്ലം വലിയവിള ഐ വി ഭവനത്തില്‍ ആന്റണി (29) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുതിയപാലത്തില്‍നിന്ന് കനോലി കനാലിലേക്ക് ചാടിയ ആന്റണിയെ പരിക്കുകളോടെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ കാറില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. ബുധൻ രാവിലെ ഏഴരയോടെയാണ് സംഭവം. കഞ്ചാവുമായി കാറില്‍ വരികയായിരുന്ന സംഘത്തെ പൊലീസിന്റെ ഡാന്‍സാഫ് സംഘം പിന്തുടര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ ടൗണ്‍ ഒഴിവാക്കി ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം വഴി ദേശീയപാത 66-ലേക്ക് കടന്ന സംഘത്തിന്റെ കാറിനെ പുതിയപാലത്തിനടുത്തുവച്ച് ഡാന്‍സാഫ് സംഘം വാഹനം കുറുകെയിട്ട് തടഞ്ഞു. പാലത്തില്‍ നിന്ന ചാവക്കാട് പൊലീസിനെയും കണ്ടതോടെ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലായി പ്രതികള്‍. അനൂപിനെ പൊലീസ് പിടികൂടിയതോടെ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്റണി പുതിയപാലത്തിന് മുകളില്‍നിന്ന് കനോലി കനാലിലേക്ക് ചാടി. എന്നാല്‍ വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണ ഇയാളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ഒഡീഷ രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. ചാലക്കൂടി റെയില്‍വേ കോളനിക്കു സമീപം താമസിക്കുന്ന മാടപ്രാവ് അനൂപ് 2011-ല്‍ പുതുക്കാട് നടന്ന കൊലക്കേസില്‍ പ്രതിയാണ്. പക്ഷെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതുകൂടാതെ 24 കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.










0 comments